| Wednesday, 17th December 2025, 3:31 pm

അമരന് ശേഷം ക്ലൈമാക്‌സില്‍ മരിക്കുന്ന കഥാപാത്രമായി ശിവകാര്‍ത്തികേയന്‍, പരാശക്തി കരിയര്‍ ബെസ്റ്റാകുമെന്ന് ആരാധകര്‍

അമര്‍നാഥ് എം.

തമിഴ് ഇന്‍ഡസ്ട്രിയുടെ പ്രധാന സീസണുകളിലൊന്നാണ് പൊങ്കല്‍. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ ക്ലാഷിനെത്തുന്ന പൊങ്കല്‍ സീസണില്‍ ആരാകും വിജയിയെന്നത് പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇത്തവണ കോളിവുഡിലെ പൊങ്കല്‍ ക്ലാഷും ആരാധകരുടെ ശ്രദ്ധാ കേന്ദ്രമാണ്. തമിഴകത്തിന്റെ ദളപതി വിജയ്‌യും പുത്തന്‍ സെന്‍സേഷനായ ശിവകാര്‍ത്തികേയനുമാണ് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്.

സൂരറൈ പോട്രിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയാണ് വിജയ് ചിത്രം ജന നായകന്റെ എതിരാളി. ബജറ്റിലും ഹൈപ്പിലും പിന്നിലാണെങ്കിലും ശക്തമായ കണ്ടന്റാണ് പരാശക്തിയുടേത്. കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ തമിഴ്‌നാട്ടില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് പരാശക്തിയുടെ പ്രധാന പ്രമേയം.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന പരാശക്തിയില്‍ വിദ്യാര്‍ത്ഥി നേതാവായാണ് ശിവകാര്‍ത്തികേയന്‍ വേഷമിടുന്നത്. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിലെ രാജേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശിവകാര്‍ത്തികേയന്റെ കഥാപാത്രത്തെ സൃഷ്ടിച്ചത്. 1962ലെ പൊലീസ് വെടിവെപ്പില്‍ രാജേന്ദ്രന്‍ കൊല്ലപ്പെടുകയായിരുന്നു.

തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ ജനിച്ചുവളര്‍ന്ന രാജേന്ദ്രന്‍ 20ാം വയസില്‍ തന്നെ തമിഴ്‌നാട്ടിലെ മുന്‍നിര വിദ്യാര്‍ത്ഥി നേതാവായി മാറി. ഹിന്ദി അടിച്ചേല്പിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയ രാജേന്ദ്രനെ ശിവകാര്‍ത്തികേയന്‍ ഗംഭീരമായി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. അമരന് ശേഷം താരം അവതരിപ്പിക്കുന്ന മറ്റൊരു റിയല്‍ ലൈഫ് കഥാപാത്രമാകും പരാശക്തിയിലേത്.

എല്ലാ പ്രേക്ഷകരെയും ഒരുപോലെ കരയിപ്പിച്ച ചിത്രമായിരുന്നു അമരന്‍. അശോക് ചക്ര നല്‍കി ഇന്ത്യ ആദരിച്ച മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയന്‍ അമരനില്‍ വേഷമിട്ടത്. രണ്ട് വര്‍ഷത്തിന് ശേഷം മറ്റൊരു ബയോപിക്കുമായി ശിവ എത്തുമ്പോള്‍ മികച്ച സിനിമയില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. പരാശക്തിയുടെ ക്ലൈമാക്‌സ് അങ്ങേയറ്റം ഇമോഷണലാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

സൂര്യയെ നായകനാക്കി സുധാ കൊങ്കര പ്ലാന്‍ ചെയ്ത ചിത്രമായിരുന്നു പരാശക്തി. 1965 പുറനാനൂറ് എന്ന് ടൈറ്റില്‍ നല്‍കിയ ചിത്രത്തില്‍ നിന്ന് സൂര്യ അവസാനനിമിഷം പിന്മാറുകയായിരുന്നു. സൂര്യക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ, വിജയ് വര്‍മ എന്നിവരായിരുന്നു ആദ്യത്തെ കാസ്റ്റ്. പുതിയ കാസ്റ്റും ടൈറ്റിലുമായാണ് സുധ ഈ പ്രൊജക്ട് ഒരുക്കുന്നത്.

സൂര്യക്ക് പകരം ശിവകാര്‍ത്തികേയന്‍ നായകനായപ്പോള്‍ ദുല്‍ഖറിന്റെ വേഷത്തിലേക്ക് യുവതാരം അഥര്‍വയാണ് എത്തിയത്. നസ്രിയക്ക് വേണ്ടി നിര്‍മിച്ച നായിക കഥാപാത്രം ശ്രീലീലയാണ് അവതരിപ്പിക്കുന്നത്. വിജയ് വര്‍മക്കായി ഒരുക്കിയ വില്ലന്‍ വേഷം രവി മോഹനാണ് അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ മലയാളികളുടെ സ്വന്തം ബേസില്‍ ജോസഫും പരാശക്തിയുടെ ഭാഗമാണ്. ജനുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Reports that Sivakarthikeyan plays real life character in Parasakthi

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more