| Monday, 8th December 2025, 9:47 pm

വിജയ്‌യുടെ അതേ വഴിയില്‍ ശിവകാര്‍ത്തികേയനും, വെങ്കട് പ്രഭുവിനൊപ്പം അമേരിക്കയിലേക്ക് പറക്കാന്‍ താരം?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ തന്റേതായ ശൈലി കൊണ്ട് ശ്രദ്ധ നേടിയ സംവിധായകനാണ് വെങ്കട് പ്രഭു. സീരിയസായിട്ടുള്ള ഏത് സബ്ജക്ടും എന്റര്‍ടൈനിങ്ങായി അവതരിപ്പിക്കാന്‍ വി.പിക്കുള്ള കഴിവ് പ്രശസ്തമാണ്. തമിഴ് സൂപ്പര്‍ താരം വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കിയ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി.

ഗോട്ടിന് ശേഷം വെങ്കട് പ്രഭു ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. തമിഴിലെ പുതിയ ജനപ്രിയതാരമായ ശിവകാര്‍ത്തികേയനാണ് വെങ്കട് പ്രഭുവിന്റെ അടുത്ത ചിത്രത്തിലെ നായകനെന്നാണ് റിപ്പോര്‍ട്ട്. സയന്‍സ് ഫിക്ഷന്‍- ടൈം ട്രാവല്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമില്‍ വിജയ്ക്ക് ഡീ ഏജ് അടക്കമുള്ള ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ചെയ്ത ലോല വി.എഫ്.എക്‌സിനെയാണ് ഈ പ്രൊജക്ടിലും വെങ്കട് പ്രഭു സമീപിച്ചത്. വമ്പന്‍ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ആവശ്യമുള്ള ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്. ടൈം ട്രാവല്‍ ചിത്രമാണിതെന്നും അഭ്യൂഹങ്ങളുണ്ട്. മുമ്പ് ഗോട്ടിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോഴും ഇത്തരം അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ വിജയ് സിനിമകളുടെ അതേ ടെംപ്ലേറ്റ് തന്നെയാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമും പിന്തുടര്‍ന്നത്. വി.പിയുടെ സ്ഥിരം ശൈലിയും വിജയ്‌യുടെ സ്റ്റാര്‍ഡവും ഗോട്ടിനെ ബോക്‌സ് ഓഫീസില്‍ കരകയറ്റി. 400 കോടിയാണ് ചിത്രം വേള്‍ഡ്‌വൈഡായി സ്വന്തമാക്കിയത്. വിജയ്‌യുടെ പിന്‍ഗാമിയെന്ന് പറയപ്പെടുന്ന ശിവകാര്‍ത്തികേയനൊപ്പവും വെങ്കട് പ്രഭു കൈകോര്‍ക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്.

അടുത്ത വര്‍ഷം ഷൂട്ട് ആരംഭിക്കുന്ന ചിത്രം ദീപാവലി റിലീസാണ് ലക്ഷ്യമിടുന്നത്. ശിവകാര്‍ത്തികേയന്റെ 26ാമത് ചിത്രമാണിത്. ക്ലീന്‍ ഷേവ് ലുക്കിലാകും താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാകുമെന്ന് വരുംദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. ശിവയുടെ കഴിഞ്ഞ ചിത്രം മദിരാശി ബോക്‌സ് ഓഫീസില്‍ അത്രകണ്ട് ശോഭിച്ചിരുന്നില്ല.

നിലവില്‍ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയുടെ തിരക്കിലാണ് ശിവകാര്‍ത്തികേയന്‍. താരത്തിന്റെ 25ാം ചിത്രം വിജയ്‌യുടെ ജന നായകനുമായാണ് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്. ശ്രീലീല, അഥര്‍വ, രവി മോഹന്‍ എന്നിവര്‍ക്കൊപ്പം മലയാളികളുടെ സ്വന്തം ബേസില്‍ ജോസഫും പരാശക്തിയുടെ ഭാഗമാണ്. തുപ്പാക്കി കൊടുത്തവനും വാങ്ങിയവനും തമ്മിലുള്ള ക്ലാഷിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Reports that Sivakarthikeyan joining hands with Venkat Prabhu for a sci-fi movie

We use cookies to give you the best possible experience. Learn more