| Thursday, 4th December 2025, 7:10 am

അവസാനം ചെയ്ത രണ്ട് പടവും പരാജയം, പിന്മാറാന്‍ തയാറല്ല, 300 കോടിക്ക് ചരിത്ര സിനിമയൊരുക്കാന്‍ ഷങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമ കണ്ട ബ്രഹ്‌മാണ്ഡ സംവിധായകനാണ് ഷങ്കര്‍. കഥയുടെ ക്യാന്‍വാസും മേക്കിങ്ങും കൊണ്ട് പലപ്പോഴായി സിനിമാപ്രേമികളെ ഞെട്ടിക്കാന്‍ ഷങ്കറിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അദ്ദേഹത്തിന്റെ സിനിമകള്‍ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. അവസാന നാല് സിനിമകളില്‍ രണ്ടെണ്ണം ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററായി മാറിയിരുന്നു.

ഇന്ത്യന്‍ 2, ഗെയിം ചേഞ്ചര്‍ എന്നീ സിനിമകള്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ പരാജയമാവുകയും ട്രോള്‍ മെറ്റീരിയലായി മാറുകയും ചെയ്തു. ഷങ്കര്‍ എന്ന ബ്രാന്‍ഡിന്റെ കാലം കഴിഞ്ഞെന്നാണ് ഗെയിം ചേഞ്ചറിന് ശേഷം പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ കളമൊഴിയാന്‍ താന്‍ തയാറല്ലെന്ന് പറയാതെ പറയുകയാണ് ഷങ്കര്‍.

ഡ്രീം പ്രൊജക്ടായ വേല്‍പ്പാരിയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഷങ്കര്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നാണ് വേല്‍പ്പാരി. സംഘകാലത്തെ യോദ്ധാവായ വേല്‍പ്പാരിയുടെ കഥയാണ് നോവല്‍ പറയുന്നത്. സു. വെങ്കടേശന്‍ രചിച്ച നോവല്‍ തമിഴ്‌നാട്ടില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതികളിലൊന്നാണ്.

ഇപ്പോഴത്തെ ഫോം വെച്ച് വേല്‍പ്പാരി പോലൊരു പ്രൊജക്ട് ഷങ്കറിനെക്കൊണ്ട് ചെയ്യാന്‍ സാധിക്കുമോ എന്നാണ് പല സിനിമാപ്രേമികളും സംശയിക്കുന്നത്. വലിയ റിസ്‌കാണ് അദ്ദേഹം എടുക്കുന്നതെന്നും ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് റിസല്‍ട്ട് എന്താകുമെന്നും പലരും അഭിപ്രായം പങ്കുവെച്ചു. ഒരു സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്തത്ര വലുതാണ് വേല്‍പ്പാരി എന്ന നോവല്‍.

മൂന്ന് ഭാഗങ്ങളിലായിട്ടാകും താന്‍ വേല്‍പ്പാരി ഒരുക്കുകയെന്ന് ഷങ്കര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ആരാകും നായകനെന്നാണ് പലരും അന്വേഷിക്കുന്നത്. ഷങ്കറിന്റെ പ്രൈം ടൈമിലായിരുന്നെങ്കില്‍ സൂര്യയും വിക്രമുമെല്ലാം നായകന്മാരായേനെയെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. രണ്ട് താരങ്ങളുടെയും ഇപ്പോഴത്തെ ബോക്‌സ് ഓഫീസ് അവസ്ഥയില്‍ വേല്‍പ്പാരി വലിയ റിസ്‌കാകുമെന്നുമാണ് ആരാധകര്‍ സൂചിപ്പിക്കുന്നത്.

കങ്കുവക്ക് ശേഷം ഒരു വര്‍ഷത്തിന് മേലെ സമയമെടുക്കുന്ന പ്രൊജക്ടുകള്‍ സൂര്യ ഒഴിവാക്കുമെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. വിക്രമും സമാന പാതയിലാണ്. ഇവര്‍ രണ്ടുപേരുമല്ലെങ്കില്‍ കാര്‍ത്തിയാണ് മറ്റൊരു ഓപ്ഷനെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ താരത്തിന്റൈ ലൈനപ്പ് വലുതായതിനാല്‍ കാര്‍ത്തിയും ഈ പ്രൊജക്ടിന്റെ ഭാഗമാകാന്‍ സാധ്യതയില്ലെന്ന് അനുമാനിക്കുന്നു.

തമിഴ് ജനത നെഞ്ചിലേറ്റുന്ന നോവലുകളിലൊന്നായ പൊന്നിയിന്‍ സെല്‍വന്‍ സിനിമാരൂപത്തിലാക്കിയപ്പോള്‍ നോവലിനോട് നീതി പുലര്‍ത്താന്‍ സംവിധായകനായ മണിരത്‌നത്തിന് സാധിച്ചിരുന്നില്ല. കഥയെ മൊത്തം പൊളിച്ചെഴുതിയാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന് ചലച്ചിത്രഭാഷ്യമൊരുക്കിയത്. ഇത് വലിയ വിമര്‍ശനത്തിന് വഴിവെച്ചു. വേല്‍പ്പാരിക്കും ഇതേ ഗതി വരുമോ എന്നാണ് പലരും സംശയിക്കുന്നത്.

Content Highlight: Reports that Shankar started pre production works of Velpari

We use cookies to give you the best possible experience. Learn more