| Thursday, 4th December 2025, 11:14 am

ഓരോ ദിവസവും ഹൈപ്പ് ഉയര്‍ത്തി ബാറ്റ്മാന്‍ 2, ഇത്തവണ കാറ്റ് വുമണായി സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൗണ്‍സ് ചെയ്ത് മൂന്ന് വര്‍ഷമാകാറായിട്ടും ഷൂട്ട് ആരംഭിക്കാതെ നീണ്ടുപോകുന്ന ചിത്രമാണ് ബാറ്റ്മാന്‍ 2. മാറ്റ് റീവ്‌സിന്റെ വിഷനിലൂടെ 2022ല്‍ പുറത്തിറങ്ങിയ ബാറ്റ്മാന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. രണ്ടര വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ അടുത്തിടെയാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായത്. 2026ല്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും മാറ്റ് റീവ്‌സ് അറിയിച്ചു.

ചിത്രത്തിന്റെ കാസ്റ്റും ക്രൂവും ആദ്യ ഭാഗത്തെപ്പോലെ ഗംഭീരമാകുമെന്നാണ് ഓരോ ദിവസവും ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. ബാറ്റ്മാന്റെ രണ്ടാം ഭാഗത്തില്‍ നിന്ന് സോയി ക്രവിറ്റ്‌സ് പിന്മാറിയെന്ന് കഴിഞ്ഞദിവസം ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബാറ്റ്മാന്‍ ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ താത്പര്യമില്ലെന്ന് താരം അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

സോയിക്ക് പകരം ഹോളിവുഡ് സൂപ്പര്‍താരം സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ ബാറ്റ്മാന്‍ 2വിന്റെ ഭാഗമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. റോബര്‍ട്ട് പാറ്റിന്‍സണിനൊപ്പം സ്‌കാര്‍ലെറ്റും കൂടി ചേരുമ്പോള്‍ ചിത്രത്തിന്റെ ഹൈപ്പ് ഉയരുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. ഇതാദ്യമായാണ് സ്‌കാര്‍ലെറ്റ് ഡി.സിയുടെ ഭാഗമാകുന്നത്.

മാര്‍വലിന്റെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ ബ്ലാക്ക് വിഡോയായി ഗംഭീര പ്രകടനമായിരുന്നു സ്‌കാര്‍ലെറ്റ് കാഴ്ചവെച്ചത്. ബ്ലാക്ക്  വിഡോയില്‍ നിന്ന് കാറ്റ് വുമണിലേക്ക് താരം മാറുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. വരുംദിവസങ്ങളില്‍ ഈ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുമെന്നാണ് വിവരം.

സോയി ക്രവിറ്റ്‌സ്, സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ Photo: IMDB

മൂണ്‍ നൈറ്റ് എന്ന സിരീസിലൂടെ ശ്രദ്ധ നേടിയ ഓസ്‌കര്‍ ഐസക്കും ബാറ്റ്മാന്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. മുന്‍ ചിത്രത്തിലേതുപോലെ ബാറ്റ്മാന്‍ എന്ന ഡിറ്റക്ടീവിനെയാകും മാറ്റ് റീവ്‌സ് തന്റെ സിനിമയില്‍ വരച്ചുകാട്ടുകയെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ഭാഗത്തിലെ വില്ലനെക്കാള്‍ ശക്തനായ കഥാപാത്രമാകും രണ്ടാം ഭാഗത്തില്‍ ബ്രൂസ് വെയ്‌നിന്റെ എതിരാളിയായി എത്തുക.

ജയിംസ് ഗണ്‍ ഡി.സിയുടെ ഭാഗമായതിന് ശേഷമാണ് ബാറ്റ്മാന്‍ 2വിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി ബോക്‌സ് ഓഫീസില്‍ അത്ര നല്ല അവസ്ഥയിലല്ലാത്ത ഡി.സിക്ക് ബാറ്റ്മാന്‍ 2 വളരെ പ്രാധാന്യമുള്ള പ്രൊജക്ടാണ്. 2019ല്‍ പുറത്തിറങ്ങിയ ജോക്കറിന് ശേഷം വണ്‍ ബില്യണ്‍ ക്ലബ്ബിലെ ചിത്രങ്ങളൊന്നും ഡി.സിക്ക് ലഭിച്ചിട്ടില്ല.

Content Highlight: Reports that Scarlett Johanson might play Cat women character in Batman 2 movie

We use cookies to give you the best possible experience. Learn more