| Tuesday, 23rd December 2025, 9:05 am

പടയപ്പക്ക് ശേഷം രജിനികാന്തിനെതിരെ നില്‍ക്കാനൊരുങ്ങി രമ്യ കൃഷ്ണന്‍, ഇത്തവണ നെല്‍സണ്‍ രണ്ടും കല്പിച്ച് തന്നെ

അമര്‍നാഥ് എം.

തമിഴ് സിനിമയിലെ ഏറ്റവും വലി ഹൈപ്പിലാണ് ജയിലര്‍ 2 ഒരുങ്ങുന്നത്. ഓരോ ദിവസവും വമ്പന്‍ താരങ്ങള്‍ ജയിലര്‍ 2വില്‍ ജോയിന്‍ ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരികയാണ്. ആദ്യ ഭാഗത്തിനെക്കാള്‍ വലിയ ബജറ്റിലും സ്റ്റാര്‍ കാസ്റ്റിലുമാണ് ചിത്രം ഒരുങ്ങുന്നത്. രണ്ടാം ഭാഗത്തില്‍ രമ്യ കൃഷ്ണനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച.

ആദ്യ ഭാഗത്തില്‍ രജിനിയുടെ ഭാര്യയായി വേഷമിട്ട രമ്യ കൃഷ്ണന്‍ രണ്ടാം ഭാഗത്തില്‍ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. മകനെ കൊന്ന മുത്തുവേല്‍ പാണ്ഡ്യനെതിരെ കുടുംബം രംഗത്തെത്തുന്നുണ്ടെന്നും രമ്യ കൃഷ്ണന്റെ നെഗറ്റീവ് ഷെയ്ഡ് കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രമാകും ജയിലര്‍ 2വെന്നും റിപ്പോര്‍ട്ടുണ്ട്.

രമ്യ കൃഷ്ണന്‍ Photo: Screen grab/ Sun Pictures

പടയപ്പക്ക് ശേഷം രജിനിക്കെതിരെ രമ്യ കൃഷ്ണന്‍ വേഷമിടുന്ന ചിത്രമായി ജയിലര്‍ 2 മാറിയേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. കുടുംബത്തിന്റെ എതിര്‍പ്പിനും ദേഷ്യത്തിനുമിടയില്‍ പുതിയ വില്ലന്മാരെയും രണ്ടാം ഭാഗത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന് നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. നെല്‍സണ്‍ എന്ന സംവിധായകന്‍ എന്താണ് ചെയ്തുവെച്ചിരിക്കുന്നതെന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

ചിത്രത്തിന്റെ ഷൂട്ട് ഇനിയും രണ്ട് മാസം കൂടി ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവരുടെ രംഗങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ആദ്യ ഭാഗത്തെക്കാള്‍ കൂടുതല്‍ സ്‌ക്രീന്‍ ടൈം കൂടുതലുള്ള കഥാപാത്രമാണ് ശിവ രാജ്കുമാറിന്റേതെന്ന് കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു.

അടുത്തിടെ ചിത്രത്തിന്റെ ഗോവന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. മോഹന്‍ലാലിന് പുറമെ വിജയ് സേതുപതിയും ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്‌തെന്നായിരുന്നു റിപ്പോര്‍ട്ട്. ആദ്യ ഭാഗത്തിലെക്കാള്‍ വലിയ വില്ലന്‍ ഗ്യാങ്ങിനെ മുത്തുവേല്‍ പാണ്ഡ്യന്‍ നേരിടുമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തില്‍ ഒരുപിടി മലയാളി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, ഷൈന്‍ ടോം ചാക്കോ, വിനീത് തട്ടില്‍, സുജിത് ശങ്കര്‍, സുനില്‍ സുഖദ, അന്ന രാജന്‍ എന്നിവര്‍ക്ക് പുറമെ വിനായകനും ജയിലര്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. എസ്.ജെ. സൂര്യയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍. 2026 മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നും ഓഗസ്റ്റില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

Content Highlight: Reports that Ramya Krishnan playing negative character in Jailer 2

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more