| Friday, 29th August 2025, 9:01 am

ഇതുപോലൊന്ന് ഇനി വരാന്‍ ചാന്‍സില്ല, ജന നായകന്‍ ഓഡിയോ ലോഞ്ചില്‍ തമിഴ് സിനിമ മുഴുവന്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമക്ക് വേണ്ടി ഏറ്റവുമധികം വരുമാനമുണ്ടാക്കി കൊടുക്കുന്ന താരമാണ് വിജയ്. ഇന്‍ഡസ്ട്രിയിലെ ക്രൗഡ്പുള്ളര്‍മാരിലൊരാളായ താരത്തിന് വന്‍ ആരാധക പിന്തുണയാണുള്ളത്. ഓരോ സിനിമയും ഉത്സവം പോലെയാണ് ആരാധകര്‍ ആഘോഷിക്കുന്നത്. എന്നാല്‍ കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്താണ് വിജയ് സിനിമാജീവിതത്തില്‍ വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ചത്.

മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച ശേഷമായിരുന്നു വിജയ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയപ്രവേശനത്തിന് മുമ്പ് വിജയ് ഭാഗമാകുന്ന ചിത്രമാണ് ജന നായകന്‍. താരത്തിന്റെ അവസാന ചിത്രമെന്ന നിലയില്‍ ആരാധകര്‍ വന്‍ പ്രതീക്ഷയാണ് ജന നായകനില്‍ വെക്കുന്നത്. ഇഷ്ടതാരത്തിന്റെ അവസാന ചിത്രം ഇതുവരെ കാണാത്ത രീതിയില്‍ ആഘോഷിക്കാനും ആരാധകര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ബ്രഹ്‌മാണ്ഡമാക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. തമിഴ് സിനിമ ഇന്നേവരെ കാണാത്ത തരത്തില്‍ താരനിബിഡമാകും ജന നായകന്റെ ഓഡിയോ ലോഞ്ചെന്ന് കേള്‍ക്കുന്നു. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്, കമല്‍ ഹാസന്‍, സൂര്യ, ധനുഷ് എന്നിവരോടൊപ്പം അജിത് കുമാറിനെയും ഓഡിയോ ലോഞ്ചില്‍ പങ്കെടുപ്പിക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ കുറേ കാലമായി സ്വന്തം സിനിമകളുടെ പ്രൊമോഷന് പങ്കെടുക്കാത്ത താരമാണ് അജിത് കുമാര്‍. ആരാധകര്‍ ഇടിച്ചുകയറാന്‍ സാധ്യതയുള്ളതിനാല്‍ ഓഡിയോ ലോഞ്ച് പോലുള്ള പരിപാടികളും അജിത് ഒഴിവാക്കുകയാണ് പതിവ്. എന്നിട്ടും താരത്തിന്റെ ആരാധകപിന്തുണക്ക് കുറവൊന്നുമില്ല. സ്വന്തം സിനിമയുടെ ഓഡിയോ ലോഞ്ച് പോലും വേണ്ടെന്ന് വെക്കുന്ന അജിത് ജന നായകന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുമോ എന്നാണ് സിനിമലോകം ഉറ്റുനോക്കുന്നത്.

കരിയര്‍ മറ്റൊരു തലത്തിലേക്ക് മാറ്റുന്ന വിജയ്ക്ക് ആശംസയേകാന്‍ തമിഴ് സിനിമ മുഴുവന്‍ അണിനിരക്കുകയാണെങ്കില്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്ന പരിപാടിയാകും ഇത്. ഷൂട്ട് പൂര്‍ത്തിയായ ജന നായകന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 2026 പൊങ്കല്‍ ദിനമായ ജനുവരി ഒമ്പതിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. തമിഴ് സിനിമ ഇന്നേവരെ കാണാത്ത ആഘോഷമാകും ജന നായകന് വേണ്ടി ആരാധകര്‍ ഒരുക്കുക.

തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജന നായകന്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക. മമിത ബൈജുവും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബോളിവുഡ് താരം ബോബി ഡിയോളാണ് വില്ലനായി വേഷമിടുന്നത്. പ്രകാശ് രാജ്, പ്രിയാമണി, നരേന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവരും ജന നായകനില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Reports that Rajanikanth Kamal Haasan Ajith Surya will attend the Audio launch of Jana Nayagan

We use cookies to give you the best possible experience. Learn more