തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍. തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്‌യുടെ ഫെയര്‍വെല്‍ ചിത്രമായാണ് ജന നായകന്‍ ഒരുങ്ങുന്നത്. മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിനാല്‍ സിനിമയില്‍ നിന്ന് താരം വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ചിരുന്നു.
2026 പൊങ്കല്‍ റിലീസായാണ് ജന നായകന്‍ തിയേറ്ററുകളിലെത്തുക. ഇഷ്ടതാരത്തിന്റെ അവസാനചിത്രം പരമാവധി ആഘോഷമാക്കാന്‍ ആരാധകര്‍ ഇപ്പോള്‍ തന്നെ തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ട്. വിജയ്‌യുടെ മുന്‍ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകളിലും പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ജന നായകന് ഇതിനെക്കാള്‍ വലിയ വരവേല്പ്പാകും ആരാധകര്‍ ഒരുക്കുക.
എന്നാല്‍ ഇപ്പോഴിതാ ജന നായകനുമായി തെലുങ്കിലെ വമ്പന്‍ ചിത്രം ക്ലാഷിനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ പ്രഭാസ് നായകനായെത്തുന്ന രാജാസാബാണ് ജന നായകനുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
350 കോടി ബജറ്റിലൊരുങ്ങുന്ന ജന നായകന് ബോക്‌സ് ഓഫീസില്‍ ഹിറ്റാകണമെങ്കില്‍ 650 കോടി കളക്ഷന് ലഭിക്കണം. തമിഴ്‌നാടിന് പുറമെ മറ്റിടങ്ങളിലും നല്ല ഹോള്‍ഡ് ലഭിച്ചാല്‍ മാത്രമേ ഇത് സാധ്യമാകുള്ളൂ. പ്രഭാസിനെപ്പോലെ പാന്‍ ഇന്ത്യന്‍ പോപ്പുലാരിറ്റിയുള്ള നടനുമായുള്ള ക്ലാഷ് ജന നായകന്റെ ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സിനെ വലിയ രീതിയില്‍ ബാധിക്കുമെന്ന് ഉറപ്പാണ്.
തീരന്‍ അധികാരം ഒന്‍ട്ര്, വലിമൈ, തുനിവ് എന്നീ ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദാണ് ജന നായകന്‍ അണിയിച്ചൊരുക്കുന്നത്. 2017ല്‍ വിജയ്‌യോട് പറഞ്ഞ കഥയാണ് ഇത്. എന്നാല്‍ 2017ല്‍ ഈ സ്‌ക്രിപ്റ്റ് വിജയ് ഒഴിവാക്കിയിരുന്നു. പിന്നീട് ഇത് കമല്‍ ഹാസനെ വെച്ച് ചെയ്യാന്‍ വിനോദ് ഉദ്ദേശിക്കുകയും അത് നടക്കാതെ പോവുകയും ചെയ്തു. ഒടുവില്‍ അതേ സ്‌ക്രിപ്റ്റ് വിജയ്‌യുടെ അടുത്തേക്ക് എത്തുകയായിരുന്നു. മമിത ബൈജു, പൂജ ഹെഗ്‌ഡേ, പ്രിയാമണി, ബോബി ഡിയോള്‍, നരേന്‍ തുടങ്ങി വന്‍ താരനിര ജന നായകനില്‍ അണിനിരക്കുന്നുണ്ട്.
പ്രഭാസിനെ നായകനാക്കി മാരുതി ഒരുക്കുന്ന ചിത്രമാണ് രാജാ സാബ്. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ സഞ്ജയ് ദത്തും പ്രധാനവേഷത്തിലത്തുന്നുണ്ട്. റിദ്ധി കുമാര്‍, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍ എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കല്‍ക്കിക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന പ്രഭാസ് ചിത്രം കൂടിയാണ് രാജാ സാബ്.
Content Highlight: Reports that Raja Saab movie going to clash with Vijay’s Jana Nayagan