| Tuesday, 4th November 2025, 9:13 pm

രണ്ട് ഗെറ്റപ്പ്, അഭിഷേക് ബച്ചനടക്കം രണ്ട് വില്ലന്മാര്‍, കിങ് ഖാന്റെ വരവ് വേറെ ലെവലാകും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിങ്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ സിനിമയുടെ ബാദ്ഷ ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രം ബോക്‌സ് ഓഫീസിലെ റെക്കോഡുകളെല്ലാം തകര്‍ത്തെറിയുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഷാരൂഖിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയ ടൈറ്റില്‍ ടീസറിന് ഗംഭീര വരവേല്പാണ് ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. രണ്ട് ഗെറ്റപ്പിലാകും ഷാരൂഖ് കിങ്ങില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് വിവരങ്ങള്‍. ടൈറ്റില്‍ ടീസറില്‍ കാണിച്ച പ്രായമായ ഗെറ്റപ്പിന് പുറമെ ചെറുപ്പകാലത്തെ ഗെറ്റപ്പിലും ഷാരൂഖ് കിങ്ങില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രണ്ട് വില്ലന്മാരാണ് ചിത്രത്തിലുണ്ടാവുകയെന്നും അഭ്യൂഹങ്ങളുണ്ട്. കില്‍ എന്ന ഒരൊറ്റ സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ രാഘവ് ജുയലാണ് ആദ്യത്തെ വില്ലന്‍. ഷാരൂഖിന്റെ ചെറുപ്പകാലത്തെ വില്ലനായിട്ടാകും രാഘവ് ജുയല്‍ പ്രത്യക്ഷപ്പെടുക. കരിയറിന്റെ തുടക്കത്തില്‍ തന്നെ കിങ് ഖാന്റെ വില്ലനായി രാഘവ് പ്രത്യക്ഷപ്പടുന്നതാണ് സിനിമാലോകത്തെ ചര്‍ച്ചാവിഷയം.

ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളായ അഭിഷേക് ബച്ചനാണ് കിങ്ങിലെ പ്രധാന വില്ലന്‍. ബോളിവുഡ് ഇന്‍ഡസ്ട്രി അധികം ഉപയോഗിച്ചിട്ടില്ലാത്ത നടനാണ് അഭിഷേക് ബച്ചനെന്ന് പലപ്പോഴായി ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. താന്‍ മികച്ച നടനാണെന്ന് ഇടക്കിടെ താരം തെളിയിച്ചിട്ടുമുണ്ട്. കിങ്ങിലെ വില്ലന്‍ വേഷത്തിലൂടെ അഭിഷേക് വീണ്ടും ഞെട്ടിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

ദീപിക പദുകോണാണ് ചിത്രത്തിലെ നായിക. പത്താന്‍, ജവാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഷാരൂഖ്- ദീപിക കോമ്പോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് കിങ്. ഷാരൂഖിന്റെ മകള്‍ സുഹാനാ ഖാനും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനില്‍ കപൂര്‍, അര്‍ഷാദ് വാര്‍സി, ജാക്കി ഷ്‌റോഫ്, റാണി മുഖര്‍ജി എന്നിങ്ങനെ വന്‍ താരനിര കിങ്ങില്‍ അണിനിരക്കുന്നു.

സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. പത്താന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദ് ഷാരൂഖുമായി കൈകോര്‍ക്കുന്ന ചിത്രം ബോളിവുഡിലെ അടുത്ത 1000 കോടി ചിത്രമാകുമെന്നാണ് കരുതുന്നത്. കഹാനിയുടെ തിരക്കഥാകൃത്ത് സുജോയ് ഘോഷാണ് ചിത്രത്തിന്റെ തിരക്കഥ. 2026 ജൂണില്‍ ചിത്രം തിയേറ്ററുകളുമെന്നാണ് പ്രതീക്ഷ.

Content Highlight: Reports that Raghav Juyal and Abhishek Bachchan are the villains in King movie

We use cookies to give you the best possible experience. Learn more