| Tuesday, 30th December 2025, 9:09 pm

അജിത്തിന് വേണ്ടി 300 കോടി നിക്ഷേപിക്കുന്നത് റിസ്‌ക്, പുതിയ പ്രൊജക്ടില്‍ നിന്ന് പിന്മാറി നിര്‍മാതാക്കള്‍?

അമര്‍നാഥ് എം.

തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് അജിത് കുമാര്‍. വിജയ്‌യെപ്പോലെ വന്‍ ഫാന്‍ ഫോളോയിങ് അജിത്തിനുമുണ്ട്. ഏറെക്കാലത്തിന് ശേഷം തമിഴ്‌നാട്ടില്‍ അജിത് ഇയര്‍ ടോപ്പറായ വര്‍ഷമായിരുന്നു 2025. താരം നായകനായ ഗുഡ് ബാഡ് അഗ്ലി 175 കോടിയോളമാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. രജിനികാന്തിന്റെ കൂലിയെ പിന്തള്ളിയാണ് ഗുഡ് ബാഡ് അഗ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം അജിത് വീണ്ടും ആദിക് രവിചന്ദ്രനുമായി കൈകോര്‍ക്കുന്ന ചിത്രമാകും AK 64 എന്ന് സംവിധായകന്‍ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം പ്രതിസന്ധിയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിര്‍മാതാക്കളാരും ഈ പ്രൊജക്ടില്‍ ഇന്‍ട്രസ്റ്റ് കാണിക്കുന്നില്ലെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ബജറ്റാണ് എല്ലാവരെയും പിന്നോട്ടടിക്കുന്ന പ്രധാന കാരണം. 300 കോടിയാണ് ഈ ചിത്രത്തിന്റെ ബജറ്റായി പ്രതീക്ഷിക്കുന്നത്.

അജിത് കുമാര്‍ Photo: Screen grab/ T Series Tamil

എന്നാല്‍ അജിത് എന്ന താരത്തെ മാത്രം മുന്‍നിര്‍ത്തി ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ ആരും തയാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും തുക നിക്ഷേപിക്കുമ്പോള്‍ അതില്‍ നിന്ന് വലിയ ലാഭം ലഭിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരിയറില്‍ ഇതുവരെ 300 കോടി കളക്ഷന്‍ ലഭിക്കാത്ത അജിത്തിന്റെ സിനിമക്ക് 300 കോടി നിക്ഷേപിക്കാന്‍ ആരും തയാറാകുന്നില്ല.

ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മാതാക്കളായ റോമിയോ പിക്‌ചേഴ്‌സായിരുന്നു ഈ പ്രൊജക്ടിന്റെ ആദ്യത്തെ നിര്‍മാതാക്കള്‍. എന്നാല്‍ ഇത്രയും വലിയ ബജറ്റ് ഏറ്റെടുക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു റോമിയോ പിക്‌ചേഴ്‌സ് പിന്മാറിയത്. പിന്നാലെ മറ്റ് നിര്‍മാതാക്കളും എത്തിയെങ്കിലും ബജറ്റാണ് അവിടെയും തടസ്സമാകുന്നത്. ഗുഡ് ബാഡ് അഗ്ലി 275 കോടിയോളം നേടിയെങ്കിലും നിര്‍മാതാക്കള്‍ക്ക് പ്രതീക്ഷിച്ച ലാഭം ലഭിച്ചിരുന്നില്ല.

അജിത് കുമാര്‍ Photo: Screen grab/ T Series Tamil

200 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. പ്രീ റിലീസ് ബിസിനസ്സിലൂടെയും കളക്ഷനിലൂടെയും ബജറ്റിനെക്കാള്‍ വലിയ തുക നിര്‍മാതാക്കള്‍ക്ക് തിരികെ ലഭിച്ചു. എന്നാലും പ്രതീക്ഷിച്ച ലാഭം ഇതിലും കൂടുതലായിരുന്നു. പുതിയ സിനിമക്ക് ഇതിനെക്കാള്‍ കൂടുതല്‍ ബജറ്റ് നല്‍കാന്‍ നിര്‍മാതാക്കള്‍ മടികാണിക്കുകയാണ്.

സിനിമയെക്കാള്‍ തന്റെ ടീമിന്റെ റേസിങ് ചാമ്പ്യന്‍ഷിപ്പിനാണ് അജിത് നിലവില്‍ പ്രാധാന്യം നല്‍കുന്നത്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ തന്റെ ടീമായ അജിത് കുമാര്‍ റേസിങ്ങിന്റെ മത്സരത്തിലെല്ലാം അജിത് പങ്കെടുക്കുന്നുണ്ട്. 2026 ജൂണില്‍ മാത്രമേ അദ്ദേഹം സിനിമാതിരക്കുകളില്‍ സജീവമാവുകയുള്ളൂ. അതിനുള്ളില്‍ AK 64ന് നിര്‍മാതാവിനെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഗുഡ് ബാഡ് അഗ്ലിയില്‍ നിന്ന് വ്യത്യസ്തമായ ചിത്രമാകും ആദിക് ഇത്തവണ ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Reports that Producers are stepping back from Ajith Kumar’s new movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more