| Sunday, 15th February 2026, 12:50 pm

ബജറ്റ് 100 കോടി, ഷൂട്ട് തീര്‍ന്ന പോര്‍ഷനില്‍ തൃപ്തി വരാതെ നിര്‍മാതാവ്, ഒ.ടി.ടി പ്ലാറ്റ്‌ഫോമിനും വേണ്ടാതെ രവി മോഹന്റെ ബിഗ് ബജറ്റ് ചിത്രം

അമര്‍നാഥ് എം.

സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന താരമാണെങ്കിലും സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് രവി മോഹന്‍. കരിയറിന്റെ തുടക്കത്തില്‍ റീമേക്കുകളാണ് രവി മോഹന്‍ ചെയ്തതെങ്കിലും തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ മാറിമറിഞ്ഞു. കഴിഞ്ഞ കുറച്ചുകാലങ്ങളായി രവി മോഹന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ജീനിയുടെ റിലീസ് സംബന്ധിച്ച പ്രതിസന്ധിയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. 2024ല്‍ അനൗണ്‍സ് ചെയ്ത ചിത്രം അടുത്തിടെയാണ് ഷൂട്ട് പൂര്‍ത്തിയായത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ നിര്‍മാതാക്കളായ വേല്‍സ് ഫിലിംസിലെ പ്രധാനികള്‍ ജീനിയുടെ റഫ് കട്ട് കണ്ടിരുന്നു.

ജീനി Photo: IMDb

എന്നാല്‍ ഈ പോര്‍ഷനിലൊന്നും നിര്‍മാതാക്കള്‍ തീരെ തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്. ഷൂട്ട് പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. 100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം റീഷൂട്ട് ചെയ്യാനും ഇനി സാധ്യതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ചിത്രം ഒ.ടി.ടിയില്‍ നേരിട്ട് റിലീസ് ചെയ്യാനും അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ട്.

എന്നാല്‍ ചിത്രം കണ്ട ഒരൊറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോമും ജീനിയെ ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. രവി മോഹന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ ചിത്രം തിയേറ്ററിലെത്തുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നവാഗതനായ ഭുവനേഷ് അര്‍ജുനനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫാന്റസി ഴോണറിലൊരുങ്ങിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് ഇനിയെന്താകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപേജുകള്‍.

രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. കല്യാണി പ്രിയദര്‍ശന്‍, കൃതി ഷെട്ടി എന്നിവരും രവി മോഹനും ഒരുമിച്ചുള്ള ഗാനം അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എ.ആര്‍. റഹ്‌മാന്‍ ഈണമിട്ട ഗാനത്തിന് പ്രതീക്ഷിച്ച പ്രതികരണമല്ലായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസും പ്രതിസന്ധിയിലായിരിക്കുകയാണ്.

തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം രവി മോഹന്‍ തന്റെ ട്രാക്ക് മാറ്റിയേക്കുമെന്ന സൂചന അടുത്തിടെ നല്‍കിയിരുന്നു. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും സംവിധാനത്തിലും രവി മോഹന്‍ തന്റെ സാന്നിധ്യമറിയിക്കുന്നുണ്ട്. താരം തന്റെ പഴയ പ്രതാപം വീണ്ടെടുത്ത ശേഷം ജീനിയുടെ റിലീസിന് മുന്‍കൈയെടുത്തേക്കുമെന്നാണ് കരുതുന്നത്.

Content Highlight: Reports that producers are not happy on the final edit of Genie movie starring Ravi Mohan

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more