| Saturday, 11th October 2025, 3:18 pm

ഛോട്ടാ മുംബൈയും രാവണപ്രഭുവും ഇമ്മാതിരി ഓളം ഉണ്ടാക്കി, ഹിറ്റ് ചിത്രം റീ റിലീസ് ചെയ്യാന്‍ പ്രിയദര്‍ശന്‍ പ്ലാന്‍ ചെയ്യുന്നു?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുത്തന്‍ സിനിമകള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ ഗംഭീര സ്വീകരണമാണ് മോഹന്‍ലാലിന്റെ റീ റിലീസുകള്‍ക്ക് ലഭിക്കുന്നത്. ഓരോ സിനിമയും റെക്കോഡ് കളക്ഷന്‍ നേടുന്നതിനൊപ്പം പ്രേക്ഷകര്‍ക്ക് ലൈഫ്‌ടൈം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് കൂടി സമ്മാനിക്കുന്നുണ്ട്. ഈ ലിസ്റ്റിലെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം വീണ്ടും തിയേറ്ററുകളിലെത്തിയ രാവണപ്രഭു.

മംഗലശ്ശേരി നീലകണ്ഠനായും കാര്‍ത്തികേയനായും മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രത്തെ വീണ്ടും ആഘോഷമാക്കുകയാണ് ആരാധകര്‍. തലമുറകളുടെ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ രാവണപ്രഭുവിനെ ആഘോഷമാക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാവണപ്രഭു പോലെ പ്രേക്ഷകര്‍ക്ക് ആഘോഷിക്കാന്‍ കഴിയുന്ന അടുത്ത ചിത്രം റീ റിലീസിനായി ഒരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കോമ്പോയുടെ എവര്‍ഗ്രീന്‍ ഹിറ്റ് കാക്കക്കുയില്‍ വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നുണ്ടെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യാവസാനം ചിരിച്ച് കൈയടിച്ച് കാണാനാകുന്ന കാക്കക്കുയിലില്‍ പ്രേക്ഷകരെ ആവേശത്തിലാക്കുന്ന രണ്ട് ഡാന്‍സ് നമ്പറുകളുമുണ്ട്. എന്തുകൊണ്ടും റീ റിലീസിന് സ്‌കോപ്പുള്ള ചിത്രമാണ് കാക്കക്കുയിലെന്ന് ആരാധകരും കണക്കുകൂട്ടുന്നുണ്ട്.

മോഹന്‍ലാലിനൊപ്പം മുകേഷും കട്ടക്ക് പിടിച്ചുനിന്ന ചിത്രത്തില്‍ ഇന്നസെന്റ്, ജഗതി, കൊച്ചിന്‍ ഹനീഫ, ജഗദീഷ്, സുകുമാരി എന്നിവരുടെ ഗംഭീര കൗണ്ടറുകളും പ്രകടനവുമെല്ലാം ബിഗ് സ്‌ക്രീനില്‍ വരണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. റിലീസ് സമയത്ത് പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും ഒരിക്കല്‍ കൂടി റിലീസായാല്‍ ഓളമുണ്ടാകുമെന്നാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ മോഹന്‍ലാലിന്റെ അടുത്ത റീ റിലീസ് ഏതാണെന്ന കാര്യത്തിലും ഇപ്പോള്‍ വ്യക്തത വന്നിരിക്കുകയാണ്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു റീ റിലീസിന് തയാറെടുക്കുന്നുണ്ടെന്ന് നടനും സംവിധായകനുമായ മധുപാല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഓസ്‌കര്‍ സബ്മിഷന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളചിത്രമാണ് ഗുരു. കാലം തെറ്റിയിറങ്ങിയ ചിത്രമെന്നാണ് പലരും ഗുരുവിനെ കണക്കാക്കുന്നത്.

അതേസമയം കഴിഞ്ഞദിവസം റീ റിലീസ് ചെയ്ത രാവണപ്രഭു ആദ്യദിനം 75 ലക്ഷത്തോളം കളക്ഷന്‍ നേടി. ലിമിറ്റഡ് റിലീസുകളായിരുന്നെങ്കിലും എല്ലായിടത്തും ചിത്രം ആഘോഷമാക്കി മാറ്റി. പലയിടത്തും അര്‍ധരാത്രിയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പുത്തന്‍ റിലീസുകളും റീ റിലീസുകളും കൊണ്ട് 2025 മൊത്തത്തില്‍ മോഹന്‍ലാല്‍ തൂക്കിയിരിക്കുകയാണ്.

Content Highlight: Reports that Priyadarshan plans to re release Kakkakuyil movie

Latest Stories

We use cookies to give you the best possible experience. Learn more