| Sunday, 26th October 2025, 10:52 am

വിജയ്ക്ക് വേണ്ടി ഒരുക്കിയ കഥയില്‍ നായകനാകാന്‍ പ്രദീപ് രംഗനാഥന്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രവും 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് പ്രദീപ് രംഗനാഥന്‍. ദീപാവലി റിലീസായെത്തിയ ഡ്യൂഡ് ആറ് ദിവസം കൊണ്ടാണ് വലിയ വിജയം നേടിയത്. ഈ വര്‍ഷം പ്രദീപിന്റെ ആദ്യ ചിത്രം ഡ്രാഗണ്‍ 150 കോടിക്ക് മുകളിലാണ് കളക്ഷന്‍ സ്വന്തമാക്കിയത്. ഇതോടെ തമിഴിലെ സെന്‍സേഷന്‍ താരമായി പ്രദീപ് രംഗനാഥന്‍ മാറി.

ഡ്യൂഡിന് ശേഷം പ്രദീപിന്റെ പ്രൊജക്ട് ഏതെന്നാണ് സിനിമാലോകത്തെ ചര്‍ച്ച. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ താന്‍ വീണ്ടും സംവിധായക കുപ്പായമണിയാന്‍ പോവുകയാണെന്ന് പ്രദീപ് അറിയിച്ചിരുന്നു. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി സയന്‍സ് ഫിക്ഷന്‍ ഴോണറിലുള്ള ചിത്രമാകുമെന്നാണ് പ്രദീപ് അറിയിച്ചത്.

എന്നാല്‍ ഇതേ കഥ മുമ്പ് വിജയ്‌യോട് പറഞ്ഞിരുന്നെന്നും അത് പിന്നീട് നടക്കാതെ പോവുകയുമായിരുന്നെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു. വിജയ്ക്കായി എഴുതിയ കഥയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടാകും ഈ ചിത്രം ഒരുക്കുകയെന്നും താരം പറഞ്ഞു. അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രദീപ് പറയുന്നു.

ബാക്ക് ടു ബാക്ക് 100 കോടി നേടി ടൈര്‍ 2വില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് പ്രദീപ് രംഗനാഥന്‍. ഈ വര്‍ഷം പ്രദീപിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രമാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനിയാണ്. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായ പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ നല്കുന്നവയായിരുന്നു.

ഡിസംബര്‍ അഞ്ചിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ഈ സിനിമ കൂടി 100 കോടി ക്ലബ്ബില്‍ ഇടം നേടിയാല്‍ ഹാട്രിക് 100 കോടി സ്വന്തമാക്കുന്ന ടൈര്‍ 2വിലെ ആദ്യ താരമായി പ്രദീപ് രംഗനാഥന്‍ മാറും. ഇതിന് ശേഷമാകും പ്രദീപ് രംഗനാഥന്‍ വീണ്ടും സംവിധായക കുപ്പായമണിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലെ അടുത്ത ജനപ്രിയനായി പ്രദീപ് മാറുമെന്നാണ് പലരും വിലയിരുത്തുന്നത്.

നായകനായി അഭിനയിച്ച ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ബിസിനസ് നേടിയ ആദ്യത്തെ നടനായി പ്രദീപ് രംഗനാഥന്‍ മാറിയിരിക്കുകയാണ്. ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് പ്രദീപ് സിനിമാലോകത്തേക്ക് കടന്നുവന്നത്. ആരുടെയും അസിസ്റ്റന്റാകാതെ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയ പ്രദീപ് ഇനിയും ഉയരങ്ങളിലെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Reports that Pradeep Ranganthan might do the story he narrated to Vijay

We use cookies to give you the best possible experience. Learn more