| Saturday, 29th November 2025, 11:03 am

ആറ് മാസത്തേക്ക് മീഡിയയുടെ മുന്നില്‍ പെടരുത്, ലുക്ക് പുറത്താകാതിരിക്കാന്‍ പ്രഭാസിന് നിര്‍ദേശവുമായി സന്ദീപ് റെഡ്ഡി വാങ്ക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാചരിത്രത്തിലെ പല കളക്ഷന്‍ റെക്കോഡുകളും തകര്‍ക്കുമെന്ന് കരുതപ്പെടുന്ന ചിത്രമായാണ് സ്പിരിറ്റിനെ ആരാധകര്‍ കണക്കാക്കുന്നത്. സന്ദീപ് റെഡ്ഡി വാങ്ക പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം നടന്നിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ചിത്രത്തിലെ നായകനായ പ്രഭാസിനോട് ആറ് മാസത്തേക്ക് പൊതുജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടരുതെന്ന് സംവിധായകന്‍ നിര്‍ദേശിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിലെ പ്രഭാസിന്റെ ലുക്ക് അതീവരഹസ്യമായി സൂക്ഷിക്കാന്‍ വേണ്ടിയാണ് സന്ദീപ് റെഡ്ഡി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് അനുമാനം.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രഭാസ് സ്പിരിറ്റില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് പുറത്തുവരുന്ന വിവരം. ക്ലീന്‍ ഷേവ് ചെയ്ത് മീശ മാത്രം വെച്ചുകൊണ്ടുള്ള പൊലീസ് ഗെറ്റപ്പിനൊപ്പം സര്‍പ്രൈസ് ഗെറ്റപ്പും ഉണ്ടായേക്കുമെന്നാണ് ആരാധകര്‍ അനുമാനിക്കുന്നത്. പ്രഭാസിന്റെ കരിയറിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായാണ് സ്പിരിറ്റ് ഒരുങ്ങുന്നത്.

കരിയറിലെ ആദ്യത്തെ പൊലീസ് കഥാപാത്രത്തെയാണ് പ്രഭാസ് സ്പിരിറ്റില്‍ അവതരിപ്പിക്കുന്നത്. അങ്ങേയറ്റം ദേഷ്യക്കാരനായ, ആരെയും അനുസരിക്കാത്ത കഥാപാത്രമാകും ഇതെന്ന് പുറത്തുവന്ന വോയിസ് ടീസര്‍ സൂചന നല്കുന്നുണ്ട്. സന്ദീപിന്റെ സ്ഥിരം നായകന്മാരെപ്പോലെ ഈ ചിത്രത്തിലെ നായകനും ടോക്‌സിക് ഹീറോയായിരിക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ഏകദേശം 600 കോടി ബജറ്റിലാണ് സ്പിരിറ്റ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രഭാസിന്റെ 25ാമത് ചിത്രമാണ് ഇത്. 2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഈയിടെയാണ് പൂര്‍ത്തിയായത്. 2026ല്‍ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അനിമലിലൂടെ പാന്‍ ഇന്ത്യന്‍ സെന്‍സേഷനായി മാറിയ തൃപ്തി ദിമ്രിയാണ് സ്പിരിറ്റിലെ നായിക.

ബോളിവുഡ് താരം വിവേക് ഒബ്രോയ്‌യാണ് ചിത്രത്തിലെ വില്ലന്‍. പ്രകാശ് രാജ്, കാഞ്ചന എന്നിവരാണ് മറ്റ് താരങ്ങള്‍. ബോളിവുഡ് വമ്പന്മാരായ ടി സീരീസും സന്ദീപ് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഭദ്രകാളി പിക്‌ചേഴ്‌സും ചേര്‍ന്നാണ് സ്പിരിറ്റ് നിര്‍മിക്കുന്നത്. കൊറിയന്‍ സൂപ്പര്‍താരം ഡോണ്‍ ലീയും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റൂമറുകളുണ്ടായിരുന്നെങ്കിലും ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

Content Highlight: Reports that Prabhas won’t appear in front of Media for six months

We use cookies to give you the best possible experience. Learn more