ഹോളിവുഡിലെ മുന്‍നിര സ്റ്റുഡിയോയായ വാര്‍ണര്‍ ബ്രോസ് തന്നെയാണ് ഇപ്പോഴും സിനിമാലോകത്തെ ചര്‍ച്ചാവിഷയം. സാമ്പത്തികബാധ്യതകള്‍ കാരണം വാര്‍ണര്‍ ബ്രോസ് തങ്ങളുടെ സ്റ്റുഡിയോ വില്‍പനക്ക് വെച്ചെന്ന് അറിയിച്ചതിന് പിന്നാലെ പല വമ്പന്മാരും വലിയ ഓഫറുകളുമായി രംഗത്തെത്തി. ഒ.ടി.ടി ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സ് 78.4 ബില്യണ് വാര്‍ണര്‍ ബ്രോസിനെ സ്വന്തമാക്കിയെന്ന് അടുത്തിടെ വാര്‍ത്തകളും വന്നിരുന്നു.
എന്നാല്‍ അവസാന മിനിറ്റില്‍ വലിയ ട്വിസ്റ്റുകള്‍ക്കാണ് ഹോളിവുഡ് സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ പാരമൗണ്ട് വാര്‍ണര്‍ ബ്രോസിനെ ഏറ്റടെുക്കാന്‍ തയാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്‌ളിക്‌സ് പറഞ്ഞതിനെക്കാള്‍ അധിക തുകയാണ് പാരമൗണ്ട് മുന്നോട്ടുവെക്കുന്നത്.
പാരമൗണ്ട് Photo: IMDB
108.7 ബില്യണാണ് പാരമൗണ്ടിന്റെ ഓഫര്‍. ഇന്ത്യന്‍ രൂപയില്‍ ഈ തുക ഒമ്പത് ലക്ഷം കോടിയിലേറെയാണ്. നെറ്റ്ഫ്‌ളിക്‌സിനെക്കാള്‍ വലിയ ഓഫറായതിനാല്‍ വാര്‍ണര്‍ ബ്രോസ് ഈ ഓഫര്‍ തള്ളിക്കളയാന്‍ സാധ്യതയില്ലെന്നാണ് പലരും അനുമാനിക്കുന്നത്. വേള്‍ഡ് ക്ലാസിക് ചിത്രമായ ഗോഡ് ഫാദറിലെ ഐക്കോണിക് ഡയലോഗ് ഇതിനോടകം വൈറലായിരിക്കുകയാണ്.
‘I’m gonna make him an offer he can’t refuse’ എന്ന ഡയലോഗാണ് വൈറലായത്. ഗോഡ്ഫാദറിന്റെ നിര്‍മാതാക്കള്‍ പാരമൗണ്ടാണെന്നതും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരുകാലത്ത് ഹോളിവുഡില്‍ വമ്പന്‍ മത്സരം കാഴ്ചവെച്ചിരുന്ന പ്രൊഡക്ഷന്‍ ഹൗസുകളായിരുന്നു വാര്‍ണര്‍ ബ്രോസും പാരമൗണ്ടും. ഒടുവില്‍ ഈ രണ്ട് പേരും ഒന്നിക്കുന്നുവെന്നത് പലരും അത്ഭുതത്തോടെ നോക്കിക്കാണുകയാണ്.
പാരമൗണ്ടിനെക്കാള്‍ ഉയര്‍ന്ന തുക നെറ്റ്ഫ്‌ളിക്‌സ് മുന്നോട്ടുവെക്കാന്‍ സാധ്യതയില്ലെന്നാണ് പല പേജുകളും അഭിപ്രായപ്പെടുന്നത്. ഹോളിവുഡിന്റെ ചരിത്രത്തില്‍ വലിയ പങ്കുവഹിച്ച വാര്‍ണര്‍ ബ്രോസിനെ നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുക്കുന്നതില്‍ ഇന്‍ഡസ്ട്രിയിലെ പലരും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജെയിംസ് കാമറൂണായിരുന്നു ഇതില്‍ പ്രധാനി.
വാര്‍ണര്‍ ബ്രോസിനെ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയാല്‍ തിയേറ്റര്‍ റിലീസുകള്‍ക്ക് അവസാനമാകും എന്നായിരുന്നു ജെയിംസ് കാമറൂണ്‍ അഭിപ്രായപ്പെട്ടത്. സിനിമ എന്നത് തിയേറ്ററുകളില്‍ ആസ്വദിക്കേണ്ടവയാണെന്നും നെറ്റ്ഫ്‌ളിക്‌സിന് ഇതില്‍ താത്പര്യമില്ലെന്നും കാമറൂണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. വരുംദിവസങ്ങളില്‍ വാര്‍ണര്‍ ബ്രോസിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.
Content Highlight: Reports that Paramount pictures offered 108 billion for acquiring Warner Bros