സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പരാജയത്തിലേക്ക് കുതിക്കുകയാണ് ടോക്‌സിക്. കന്നഡയില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ യഷ് നായകനായെത്തിയ ചിത്രം ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററായി മാറുമെന്നാണ് കണക്കുകൂട്ടല്‍. വന്‍ ബജറ്റില്‍ മൂന്ന് വര്‍ഷത്തിലേറെ സമയമെടുത്ത് ഒരുക്കിയ ചിത്രം ഇതുവരെ മുടക്കുമുതല്‍ പോലും തിരിച്ചുപിടിച്ചിട്ടില്ല.
650 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ടോക്‌സിക് കഷ്ടിച്ച് നേടിയത് 300 കോടിക്കടുത്താണ്. തിയേറ്റര്‍ കളക്ഷനില്‍ വലിയ നഷ്ടമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. മറ്റ് ബിസിനസുകളിലൂടെയെങ്കിലും മുടക്കുമുതല്‍ തിരിച്ച് കിട്ടുമെന്ന അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷക്കും ഇപ്പോള്‍ തിരിച്ചടി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
യഷിനെപ്പോലെ ഒരു പാന്‍ ഇന്ത്യന്‍ താരത്തിന്റെ സിനിമക്ക് ഡിജിറ്റല്‍ റൈറ്റ്‌സായി വലിയൊരു തുക ലഭിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ടോക്‌സിക്കിന്റെ കാര്യത്തില്‍ അവിടെയും തിരിച്ചടിയാണ്. ഇതുവരെ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയിട്ടില്ല. റിലീസിന് മുമ്പ് 150 കോടി വരെ മുന്‍നിര പ്ലാറ്റ്‌ഫോമുകള്‍ ഓഫര്‍ ചെയ്‌തെങ്കിലും നിര്‍മാതാക്കളിലൊരാളായ യഷ് അത് നിരസിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിത്രത്തിന് 200 കോടിയെങ്കിലും വേണമെന്നായിരുന്നു യഷിന്റെ ആവശ്യമെന്നും റിപ്പോര്‍ട്ടുണ്ട്. റിലീസിന് ശേഷം ആ തുകക്ക് ചിത്രം വാങ്ങാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വരുമെന്ന് താരം കണക്കുകൂട്ടിയെന്നും എന്നാല്‍ ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിയേറ്റര്‍ റിലീസിന് ശേഷമുള്ള ഡീലുകളില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വളരെയധികം ശ്രദ്ധ നല്‍കുന്നതിനാല്‍ ടോക്‌സിക് വിറ്റുപോകുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമാണ്.
നിലവിലെ സാഹചര്യത്തില്‍ 100 കോടി പോലും ചിത്രത്തിന്റെ റൈറ്റ്‌സായി ലഭിക്കില്ലെന്നാണ് കണക്കുകൂട്ടല്‍. റിലീസിന് മുമ്പ് ഒ.ടി.ടി റൈറ്റ്‌സ് വാങ്ങാന്‍ മുന്‍പന്തിയില്‍ നിന്ന സീ ഫൈവ് പോലും ഇപ്പോള്‍ പിന്നോട്ട് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ.വി.എന്നിന്റെ മുന്‍ ചിത്രമായ ജന നായകന്‍ പോലും വലിയ നഷ്ടമായിരുന്നു എല്ലായിടത്തും സമ്മാനിച്ചത്.
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് ഇരട്ടവേഷത്തിലെത്തിയ ചിത്രം പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച ഒന്നായിരുന്നു. അഞ്ച് നായികമാരും കണ്ണഞ്ചിപ്പിക്കുന്ന സെറ്റുകളുമുണ്ടായിരുന്നെങ്കിലും കഥയുമായി കണക്ട് ചെയ്യിക്കാന്‍ സംവിധായികക്കും യഷിനും സാധിച്ചില്ല. ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്റര്‍ സമ്മാനിച്ച നടനായി യഷ് മാറുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlight: Reports that OTT rights of Toxic movie have not sold yet