| Monday, 28th September 2026, 9:30 pm

ബെത്‌ലഹേം ഇഫക്ട്... ഒരൊറ്റ സിനിമക്ക് പിന്നാലെ നിവിന്റെ പ്രതിഫലം 15 കോടിയിലേക്ക്? മോഹന്‍ലാലിന്റെ പിന്നില്‍ രണ്ടാം സ്ഥാനത്ത് N P

അമര്‍നാഥ് എം.

റോം കോം ഫീല്‍ ഗുഡ് ഴോണര്‍ തന്റെ സേഫ് സോണല്ല, സ്‌ട്രോങ് സോണാണെന്ന് തെളിയിച്ചിരിക്കുകയാണ് നിവിന്‍ പോളി. ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് 35ാം ദിനത്തിലും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം മോളിവുഡിലെ ഓരോ കളക്ഷന്‍ റെക്കോഡുകളും ഇതിനോടകം തകര്‍ത്ത് മുന്നേറുകയാണ്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സ്വന്തമാക്കിയതിന് പിന്നാലെ നിവിന്റെ പ്രതിഫലം ഉയര്‍ന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബെത്‌ലഹേം കുടുംബ യൂണിറ്റ് 300 കോടിക്ക് മുകളില്‍ കളക്ട് ചെയ്തതോടെ നിവിന് 12 കോടിക്കടുത്ത് പ്രോഫിറ്റ് ഷെയര്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തിനായി താരം ആദ്യം വാങ്ങിയത് മൂന്ന് കോടിയാണെന്നും ഇതോടെ ഒരൊറ്റ സിനിമയില്‍ നിന്ന് നിവിന് 15 കോടി ലഭിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രീകരണം പുരോഗമിക്കുന്ന NP 51ലും ഇതേ രീതിയിലാകും നിവിന്റെ പ്രതിഫലമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മലയാളത്തില്‍ ഒരു സിനിമക്കായി ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഇതോടെ രണ്ടാമതെത്താനും നിവിന് സാധിച്ചെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു. മോളിവുഡിലെ ഏറ്റവും മൂല്യമേറിയ താരം മോഹന്‍ലാലാണ്.

ആശീര്‍വാദ് സിനിമാസിന്റേതല്ലാത്ത ഒരു സിനിമ ചെയ്യാന്‍ 20 കോടിയാണ് മോഹന്‍ലാല്‍ വാങ്ങുന്നത്. മമ്മൂട്ടിക്കമ്പനിയുടേതല്ലാത്ത സിനിമക്ക് 15 കോടി മമ്മൂട്ടി വാങ്ങാറുണ്ടെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മമ്മൂട്ടിക്കൊപ്പം രണ്ടാം സ്ഥാനത്ത് ഇനിമുതല്‍ നിവിനും ഇടം നേടിയിരിക്കുകയാണ്. 12 കോടിയുമായി ദുല്‍ഖര്‍ മൂന്നാം സ്ഥാനത്തുണ്ട്. തെലുങ്കിലാണെങ്കില്‍ 20 കോടിക്ക് മുകളിലാണ് ദുല്‍ഖറിന്റെ പ്രതിഫലം. ഒരു സിനിമക്കായി എട്ട് മുതല്‍ 10 കോടി വരെയാണ് പൃഥ്വിയുടെ റെമുണ്യറേഷനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഹൻലാൽ. Photo. Screen grab/ Youtube

സര്‍വ്വം മായക്ക് മുമ്പ് ഒരു സിനിമക്കായി രണ്ട് മുതല്‍ മൂന്ന് കോടി വരെയായിരുന്നു നിവിന്റെ പ്രതിഫലം. എന്നാല്‍ പല സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നത് താരത്തിന് തിരിച്ചടിയായി. സര്‍വ്വം മായ 150 കോടിയിലേറെ നേടിയപ്പോള്‍ തിരിച്ചുവരവിന്റെ സൂചനയായി ആരാധകര്‍ ഇതിനെ കണക്കാക്കി. ഇപ്പോഴിതാ ബെത്‌ലഹേം ചരിത്രവിജയമായി മാറുകയും ചെയ്തതോടെ ബോക്‌സ് ഓഫീസില്‍ നിവിന്‍ തന്റെ സ്ഥാനം തിരിച്ചുപിടിച്ചു.

മലയാളത്തില്‍ ഏറ്റവുമധികം ഷോ കളിച്ച സിനിമ, ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമ, ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റുപോയ സിനിമ എന്നിങ്ങനെ ഒരുപാട് റെക്കോഡുകള്‍ ബെത്‌ലേഹമിന് മുന്നില്‍ മുട്ടുകുത്തി. കേരളത്തില്‍ നിന്ന് ബെത്‌ലഹേം കുടുംബ യൂണിറ്റ് നേടിയ കളക്ഷന്‍ അടുത്തൊന്നും മറ്റൊരു സിനിമ തകര്‍ക്കില്ലെന്നാണ് പ്രവചനം.

Content Highlight: Reports that Nivin Pauly’s remuneration will be 15 crores after Bethlehem Kudumba Unit

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more