| Friday, 22nd August 2025, 12:31 pm

ഡേറ്റ് പ്രശ്‌നമായി, തമിഴിലെ വില്ലന്‍ വേഷം വേണ്ടെന്ന് വെച്ച് നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവ നടന്മാരില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് സമ്മാനിച്ച നിവിന്‍ വളരെ വേഗത്തില്‍ ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ സ്ഥാനംപിടിച്ചു. 2014- 2016 കാലഘട്ടത്തില്‍ നിവിന്റെ ആറ് സിനിമകള്‍ തിയേറ്ററുകളില്‍ 100 ദിവസം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും താരത്തെ തേടിയെത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോക്‌സ് ഓഫീസില്‍ നിവിന്റെ ചിത്രങ്ങള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാനാകുന്നില്ല. എന്നാല്‍ ഇപ്പോള്‍ മലയാളത്തിലും തമിഴിലും ഒരുപോലെ തിരക്കുള്ള നടനാണ് നിവിന്‍. രണ്ട് തമിഴ് സിനിമകളില്‍ നിവിന്‍ ഭാഗമാകുന്നുണ്ടെന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കി. ലോകേഷ് കനകരാജിന്റെ കഥയില്‍ ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ബെന്‍സ്, തമിഴ് സംവിധാനം ചെയ്യുന്ന മാര്‍ഷല്‍ എന്നിവയാണ് താരത്തിന്റെ തമിഴ് ലൈനപ്പ്.

ഠാനാക്കാരന് ശേഷം തമിഴ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഷല്‍. കാര്‍ത്തി നായകനാക്കുന്ന ചിത്രം പീരിയോഡിക് ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. കാര്‍ത്തിയുടെ 27ാമത് ചിത്രമാണ് മാര്‍ഷല്‍. നായകനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ നിവിനും എത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാര്‍ഷലില്‍ നിന്ന് നിവിന്‍ പിന്മാറി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണമാണ് നിവിന്‍ മാര്‍ഷലില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവിന് പകരം തെലുങ്ക് താരം ആദി പിനിഷെട്ടി മാര്‍ഷലിന്റെ ഭാഗമായേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. നിവിന്റെ കരിയറിലെ വലിയ നഷ്ടമാകാന്‍ സാധ്യതയുള്ള വേഷമാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എല്‍.സി.യുവിലെ പുതിയ ചിത്രമായാണ് ബെന്‍സ് ഒരുങ്ങുന്നത്. രാഘവ ലോറന്‍സ് നായകനായെത്തുന്ന ചിത്രത്തില്‍ വില്ലനായാണ് നിവിന്‍ വേഷമിടുന്നത്. താരത്തിന്റെ ക്യാരക്ടര്‍ റിവീല്‍ വീഡിയോ വൈറലായിരുന്നു. വാള്‍ട്ടര്‍ എന്ന സൈക്കോ വില്ലനായാണ് നിവിന്‍ വേഷമിടുന്നത്. എല്‍.സി.യുവിലെത്തുന്ന അഞ്ചാമത്തെ മലയാളി താരമാണ് നിവിന്‍ പോളി.

മലയാളത്തിലും വലിയ ലൈനപ്പാണ് നിവിനുള്ളത്. പാച്ചുവും അത്ഭുതവിളക്കിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വം മായ, തമര്‍ സംവിധാനം ചെയ്യുന്ന ഡോള്‍ബി ദിനേഷന്‍, ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നിവയാണ് മലയാളത്തില്‍ നിവിന്‍ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍.

Content Highlight: Reports that Nivin Pauly backed out from Marshal movie starring Karthi

We use cookies to give you the best possible experience. Learn more