| Thursday, 8th January 2026, 10:08 pm

ജയിലര്‍ 2 അല്ലാതെ മറ്റൊരു അന്യഭാഷാസിനിമയും തത്കാലമില്ല, മലയാളത്തില്‍ മാത്രം ശ്രദ്ധ നല്‍കാനൊരുങ്ങി മോഹന്‍ലാല്‍

അമര്‍നാഥ് എം.

സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ പേരിലും ഒരുപാട് പഴികേട്ട മോഹന്‍ലാല്‍ തന്റെ വിശ്വരൂപം പുറത്തെടുത്ത വര്‍ഷമായിരുന്നു 2025. നടനായും താരമായും മോഹന്‍ലാല്‍ ഒരുപോലെ തിളങ്ങിയപ്പോള്‍ ഇന്‍ഡസ്ട്രിയിലെ പല റെക്കോഡുകളും പഴങ്കഥയായി മാറി. ഇനി വരാനിരിക്കുന്ന പ്രൊജക്ടുകളുടെ ലൈനപ്പും ഗംഭീരമാണ്.

എന്നാല്‍ ഇതിനിടെ മോഹന്‍ലാല്‍ ചില അന്യഭാഷാസിനിമകളില്‍ ഭാഗമാകുന്നെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അജിത് കുമാര്‍- ആദിക് രവിചന്ദ്രന്‍ കോമ്പോയിലൊരുങ്ങുന്ന AK 64, ചിരഞ്ജീവി- ബോബി കൊല്ലി ഒന്നിക്കുന്ന മെഗാസ്റ്റാര്‍ 158 എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ ഭാഗമാകുമെന്നായിരുന്നു റൂമറുകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഈ രണ്ട് പ്രൊജക്ടുകളിലും മോഹന്‍ലാല്‍ ഭാഗമായേക്കില്ല.

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2 മാത്രമാണ് മോഹന്‍ലാലിന്റെ ലൈനപ്പിലുള്ള ഒരേയൊരു അന്യഭാഷാ പ്രൊജക്ട്. രജിനികാന്ത്, ശിവരാജ് കുമാര്‍, എന്നിവര്‍ക്കൊപ്പം മോഹന്‍ലാല്‍ ശക്തമായ വേഷമാണ് ജയിലര്‍ 2വില്‍ കൈകാര്യം ചെയ്യുന്നത്. വിജയ് സേതുപതി, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങി വന്‍ താരനിരയാണ് ജയിലര്‍ 2ല്‍ അണിനിരക്കുന്നത്.

മലയാളത്തില്‍ ഒരുപിടി ഗംഭീര പ്രൊജക്ടാണ് മോഹന്‍ലാലിന്റേതായി ഒരുങ്ങുന്നത്. അതിഥിവേഷം ചെയ്യുന്ന ചില പ്രൊജക്ടുകളും ലൈനപ്പിലുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പാട്രിയറ്റാണ് ഇതില്‍ ആദ്യത്തേത്. 13 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് പാട്രിയറ്റ്.

മകള്‍ വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന തുടക്കത്തിലും മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി 30 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമ മൊത്തം ഉറ്റുനോക്കുന്ന ദൃശ്യം 3 ഷൂട്ട് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തിയോടൊപ്പം മോഹന്‍ലാല്‍ കൈകോര്‍ക്കുന്ന L365ന്റ ഷൂട്ട് അധികം വൈകാതെ ആരംഭിക്കും. ഇത്തവണ പൊലീസ് സ്റ്റോറിയാണ് ഇരുവരും ചേര്‍ന്ന് ഒരുക്കുന്നത്. 2025ല്‍ കണ്ടത് വെറും സാമ്പിളാണെന്നും മോഹന്‍ലാലിന്റെ യഥാര്‍ത്ഥ ബോക്‌സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ ഇനി കാണാനിരിക്കുന്നതേയുള്ളുവെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Reports that Mohanlal rejected the roles in AK64 and Chiranjeevi’s 158th movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more