| Wednesday, 3rd December 2025, 8:10 am

ജോര്‍ജുകുട്ടിയുടെ ഊഴം കഴിഞ്ഞു, ഇനി മാത്യൂസിലേക്കുള്ള പരകായപ്രവേശം, ഗോവയില്‍ വിജയ് സേതുപതിക്കൊപ്പം മോഹന്‍ലാലും?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3യുടെ ഷൂട്ട് കഴിഞ്ഞദിവസം പൂര്‍ത്തിയായി. ഒന്നര മാസത്തോളം നീണ്ടുനിന്ന ഷൂട്ടിന് കഴിഞ്ഞദിവസം പാക്കപ്പായി. അവസാന ഷോട്ട് ഓക്കെയാണെന്ന് സംവിധായകന്‍ അറിയിച്ചപ്പോള്‍ മോഹന്‍ലാല്‍ നല്‍കിയ റിയാക്ഷനും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ദൃശ്യം 3ക്ക് ശേഷം മോഹന്‍ലാല്‍ ഗോവയിലേക്ക് പുറപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2വിന്റെ ഗോവന്‍ ഷെഡ്യൂളിലേക്കാണ് താരം ജോയിന്‍ ചെയ്യുക. ജയിലറിന്റെ ആദ്യഭാഗത്തില്‍ കുറഞ്ഞ സമയം കൊണ്ട് വലിയ ഇംപാക്ടുണ്ടാക്കിയ കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റെ മാത്യൂസ്.

Drishyam 3 Photo: Screen grab/ Aashirvad cinemas

രണ്ടാം ഭാഗത്തിലും ആരാധകരെ ആവേശം കൊള്ളിക്കാന്‍ മാത്യൂസിന് സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇത്തവണ മോഹന്‍ലാലിനൊപ്പം തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയും ഗോവന്‍ ഷെഡ്യൂളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ഈ കോമ്പോ ഓണ്‍ സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ഇരുവര്‍ക്കുമൊപ്പം സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും എത്തുമ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പാകുമെന്ന് ഉറപ്പാണ്.

ജയിലര്‍ 2വിലെ രണ്ട് ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാമത്തെ ഷെഡ്യൂള്‍ എപ്പോഴാകുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ആദ്യ ഭാഗത്തില്‍ മിസ്സായ രജിനി- മോഹന്‍ലാല്‍- ശിവ രാജ്കുമാര്‍ ഫേസ് ഓഫ് സീന്‍ ജയിലര്‍ 2വില്‍ ഉണ്ടാകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. 2026 ഫെബ്രുവരിയോടെ ചിത്രം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

Jailer Mohanlal Photo: Screen Grab/ Sun pictures

മോഹന്‍ലാലിനൊപ്പം ഒരുപിടി മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. ആദ്യ ഭാഗത്തില്‍ വില്ലനായി ഞെട്ടിച്ച വിനായകന്‍ രണ്ടാം ഭാഗത്തിലുമുണ്ടെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, അന്ന രാജന്‍, വിനീത് തട്ടില്‍, സുനില്‍ സുഖദ, ഷൈന്‍ ടോം ചാക്കോ, സുജിത് ശങ്കര്‍ എന്നിവര്‍ ജയിലര്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. എസ്.ജെ. സൂര്യയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍.

ആദ്യ ഭാഗത്തിലെക്കാള്‍ വലിയ വില്ലന്മാരെയാകും മുത്തുവേല്‍ പാണ്ഡ്യന് നേരിടേണ്ടി വരികയെന്നാണ് കരുതുന്നത്. വന്‍ ഹൈപ്പിലെത്തിയ കൂലി നിരാശപ്പെടുത്തിയതിനാല്‍ ജയിലര്‍ 2 ഗംഭീരമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം പുറത്തിറക്കിയ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്.

ഗോവന്‍ ഷെഡ്യൂളിന് ശേഷം ഹൈദരബാദ്, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലും ചിത്രത്തിന് ഷൂട്ടുണ്ട്. രജിനിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ ഷൂട്ട് പൂര്‍ത്തിയാവുകയാണെങ്കില്‍ 2026 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: Reports that Mohanlal might join on Jailer 2 Goa schedule

We use cookies to give you the best possible experience. Learn more