| Wednesday, 17th December 2025, 7:05 pm

ടിക്കി ടാക്കയുടെ റൈറ്റര്‍, മാമാങ്കത്തിന് ശേഷം വീണ്ടും കാവ്യാ ഫിലിംസ്, മമ്മൂട്ടി- ഖാലിദ് റഹ്‌മാന്‍ പ്രൊജക്ട് കിടിലനാകുമെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡിന് ശേഷം വ്യത്യസ്തമായ സബ്‌ജെക്ടുകള്‍ തേടിപ്പിടിച്ച് ചെയ്ത് ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടി. സൂപ്പര്‍താരമായി നിറഞ്ഞുനില്‍ക്കാനുള്ള അവസരങ്ങള്‍ക്ക് പകരം തന്നിലെ നടന് വെല്ലുവിളിയുയര്‍ത്തുന്ന ചിത്രങ്ങളാണ് മമ്മൂട്ടി തെരഞ്ഞെടുക്കുന്നത്. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ കളങ്കാവലും അതിന്റെ ഉദാഹരണമാണ്.

വ്യത്യസ്തമായ കഥകള്‍ തെരഞ്ഞെടുക്കുന്നത് ഇനിയും തുടരുമെന്ന് വ്യക്തമാക്കുന്നതാണ് മമ്മൂട്ടിയുടെ ലൈനപ്പ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന് ശേഷം ഗംഭീര പ്രൊജക്ടുകളാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടിന് ശേഷം ഖാലിദ് റഹ്‌മാനൊപ്പം മമ്മൂട്ടി കൈകോര്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മമ്മൂട്ടി,Photo: Mammootty/Facebook

ഉണ്ടക്ക് ശേഷം ഈ കോമ്പോ ഒന്നിക്കുമ്പോള്‍ പക്കാ കൊമേഴ്‌സ്യല്‍ സബ്ജക്ട് തന്നെയാണ് ഒരുങ്ങുന്നതെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടിക്കി ടാക്കക്ക് തൂലിക ചലിപ്പിച്ച നിയോഗാണ് ഈ ചിത്രത്തിന്റെയും സ്‌ക്രിപ്റ്റ് ഒരുക്കുന്നത്. കാവ്യാ ഫിലിം കമ്പനി ഈ പ്രൊജക്ട് നിര്‍മിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. മാമാങ്കത്തിന് ശേഷം വേണു കുന്നപ്പള്ളിയും മമ്മൂട്ടിയും ഒന്നിക്കുന്ന പ്രൊജക്ടാകും ഇത്.

ഗ്യാങ്സ്റ്റര്‍- ആക്ഷന്‍ ഡ്രാമ ഴോണറിലാകും ഈ ചിത്രം ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തില്‍ നസ്‌ലെനും പ്രധാനവേഷം കൈകാര്യം ചെയ്യുമെന്ന് റൂമറുകളുണ്ട്. ജനുവരി ഒന്നിന് ചിത്രം ഔദ്യോഗികമായി അനൗണ്‍സ് ചെയ്യുമെന്നാണ് ആരാധകര്‍ കരുതുന്നത്. 2026 പകുതിയോടെ ചിത്രം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.

ഫാലിമിക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മലയാള ചിത്രവും മമ്മൂട്ടിക്കൊപ്പമാണ്. ഈ വര്‍ഷം നവംബറില്‍ ആരംഭിക്കേണ്ട ചിത്രം മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നീണ്ടുപോവുകയായിരുന്നു. പ്രൊജക്ട് നീണ്ടുപോയതിനാല്‍ നിതീഷ് തമിഴിലേക്ക് ചേക്കേറുകയായിരുന്നു. ഈ പ്രൊജക്ടിന് ശേഷം മമ്മൂട്ടി- നിതീഷ് പ്രൊജക്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം പ്രധാന ലൊക്കേഷനായെത്തുന്ന ചിത്രത്തില്‍ സര്‍ക്കസ് കമ്പനി ഉടമയായാണ് മമ്മൂട്ടി വേഷമിടുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കോമഡി- ആക്ഷന്‍ ഡ്രാമ ഴോണറിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടിക്കമ്പനിയാണ്. 2026 ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. നിലവില്‍ പാട്രിയറ്റിന്റെ അവസാനഘട്ട ഷൂട്ടിലാണ് മമ്മൂട്ടി.

മോഹന്‍ലാലുമൊത്തുള്ള പോര്‍ഷനുകളാണ് നിലവില്‍ ഷൂട്ട് ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പമുള്ള സീനുകളും ഷൂട്ട് ചെയ്യാന്‍ ബാക്കിയുണ്ട്. 2026 ജനുവരിയോടെ ഷൂട്ട് പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. വിഷു റിലീസായി പാട്രിയറ്റ് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

Content Highlight: Reports that Mammootty Kahlid Rahman project is a Gangster drama

We use cookies to give you the best possible experience. Learn more