| Thursday, 1st January 2026, 5:55 pm

ടീസറില്‍ സ്ഥാനമില്ലെങ്കിലും ഡൂംസ്‌ഡേയില്‍ ഞെട്ടിക്കുന്നത് ഇവര്‍ മൂന്ന് പേരുമാകുമെന്ന് ആരാധകര്‍

അമര്‍നാഥ് എം.

നാലാഴ്ച ഗ്യാപ്പില്‍ നാല് വ്യത്യസ്ത ടീസറുകള്‍ പുറത്തിറക്കി ആരാധകരെ ഹൈപ്പിന്റെ കൊടുമുടിയിലെത്തിക്കാനാണ് ഡൂംസ്‌ഡേയുടെ അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ആദ്യ രണ്ട് ടീസറുകള്‍ക്കും ഗംഭീര വരവേല്പാണ് ലഭിച്ചത്. സ്റ്റീവ് റോജേഴ്‌സിന്റെ തിരിച്ചുവരവും തോറിന്റെ നിസ്സഹായതയുമെല്ലാം കാണുമ്പോള്‍ വില്ലന്‍ നിസാരക്കാരനല്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.

ലോക്കി, ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്, ആന്റ് മാന്‍ Photo: Disney

ഇനിയുള്ള രണ്ട് ടീസറുകളില്‍ എക്‌സ് മെന്നിലെ കഥാപാത്രങ്ങളെയാകും ഫോക്കസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഡ് ഗെയിമിന് ശേഷം ആരംഭിച്ച മള്‍ട്ടിവേഴ്‌സ് സാഗയില്‍ പ്രധാനികളായ ലോക്കി, ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്, ആന്റ് മാന്‍ എന്നിവരെ ടീസറില്‍ കാണിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ടീസറില്‍ ഇവരില്ലെങ്കിലും സിനിമയില്‍ ഇവര് മൂന്നുപേര്‍ക്കുമാകും പ്രാധാന്യമെന്നും റിപ്പോര്‍ട്ടുണ്ട്. എല്ലാ സൂപ്പര്‍ഹീറോകളെയും ഒന്നിച്ചുചേര്‍ക്കുന്നതില്‍ ഇവര്‍ക്കായിരിക്കും പ്രധാന പങ്ക്.

ടൈം ട്രാവലും മള്‍ട്ടിവേഴ്‌സിനെക്കുറിച്ചുള്ള അറിവുമാകും ഇവരെ പ്രധാനികളാക്കുന്നത്. ഇതുവരെ പുറത്തുവന്ന അവഞ്ചേഴ്‌സ് സിനിമകളില്‍ നെഗറ്റീവ് ഷെയ്ഡില്‍ മാത്രം പ്രത്യക്ഷപ്പെട്ട ലോക്കി നായകന്മാരുടെ കൂടെ ചേരുന്ന മൊമന്റിനാണ് പലരും കാത്തിരിക്കുന്നത്. തോര്‍- ലോക്കി ഫേസ് ഓഫ് സീന്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അവഞ്ചേഴ്‌സിലെ അതിശക്തനായ തോര്‍ പോലും യുദ്ധത്തിന് ശക്തി നല്‍കാന്‍ ഓള്‍ ഫാദേഴ്‌സിനോട് പ്രാര്‍ത്ഥിക്കുന്ന ടീസര്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. എല്ലാമുപേക്ഷിച്ച് പുതിയ ജീവിത്തിലേക്ക് ഇറങ്ങിത്തിരിച്ച സ്റ്റീവ് റോജേഴ്‌സിന് പോലും തിരിച്ചുവരേണ്ട അവസ്ഥയാകുമ്പോള്‍ ഡൂംസ്‌ഡേയിലെ വില്ലന്‍ നിസാരക്കാരനല്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.

18 വര്‍ഷത്തോളം അയണ്‍ മാനായി വേഷമിട്ട റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഇത്തവണ വില്ലനായി പ്രത്യക്ഷപ്പെടുമ്പോള്‍ പ്രതീക്ഷകളേറെയാണ്. എന്‍ഡ് ഗെയിമിന് ശേഷം താറുമാറായി പോകുന്ന മാര്‍വലിനെ തിരിച്ച് ട്രാക്കിലേക്കെത്തിക്കാന്‍ റൂസോ ബ്രദേഴ്‌സ് തന്നെ നേരിട്ടിറങ്ങുകയാണ്. ലോക സിനിമാചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന ബജറ്റിലാണ് ഡൂംസ്‌ഡേ ഒരുങ്ങുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. മേയ് 26ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ ഷൂട്ട് പൂര്‍ത്തിയാകാത്തതിനാല്‍ ഡിസംബറിലേക്ക് റിലീസ് മാറ്റുകയായിരുന്നു. ഹോളിവുഡിലെ വമ്പന്‍ സിനിമകളിലൊന്നായ ഡ്യൂണ്‍ 3യും ഇതേദിവസം റിലീസാകുന്നത് ഡൂംസ്‌ഡേക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.

Content Highlight: Reports that Loki Doctor Strange and Ant Man don’t have space in Doomsday teaser

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more