നിലവില്‍ തമിഴ് സിനിമയിലെ ഏറ്റവും വലിയ ബ്രാന്‍ഡായി മാറിയ സംവിധായകനാണ് ലോകേഷ് കനകരാജ്. വെറും ആറ് സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയുടെ തലപ്പത്തേക്ക് എത്താന്‍ ലോകേഷിന് സാധിച്ചു. ആരുടെയും അസിസ്റ്റന്റായി നില്‍ക്കാതെ കരിയര്‍ ആരംഭിച്ച ലോകേഷ് ഇന്ന് തമിഴില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംവിധായകനാണ്.
എന്നാല്‍ ലോകേഷിന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ കൂലി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. രജിനിയെപ്പോലൊരു സൂപ്പര്‍സ്റ്റാറിനെ കൈയില്‍ കിട്ടിയിട്ടും നല്ലൊരു കഥയൊരുക്കാന്‍ സാധിച്ചില്ലെന്നാണ് ലോകേഷിന് നേരെയുള്ള വിമര്‍ശനം.
കൂലിക്ക് പിന്നാലെ നായകനായി ഒരു സിനിമ ചെയ്തതിന് ശേഷമാകും പ്രേക്ഷകര്‍ കാത്തിരിക്കുന്ന കൈതി 2വിനായി ലോകേഷ് ഒരുങ്ങുകയെന്നായിരുന്നു അറിയിച്ചത്. 2026 തുടക്കത്തില്‍ തന്നെ കൈതി 2 ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ദില്ലിയുടെ രണ്ടാം വരവിനായി ഇനിയും കാത്തിരിക്കണമെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.
വന്‍ പ്രതീക്ഷയിലെത്തിയ രണ്ട് സിനിമകള്‍ക്ക് ഹൈപ്പിനോട് നീതി പുലര്‍ത്താനാകത്തിനാല്‍ പുതിയൊരു പ്രൊജക്ടിനായി ലോകേഷ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രജിനികാന്തിനെയും കമല്‍ ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു ചിത്രം ഒരുക്കാന്‍ ലോകേഷ് പദ്ധതിയിടുന്നു എന്നാണ് സിനിമാലോകത്തെ ആവേശം കൊള്ളിക്കുന്ന പുതിയ വാര്‍ത്ത.
40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. 1985ല്‍ പുറത്തിറങ്ങിയ ഗിരഫ്താര്‍ എന്ന ഹിന്ദി ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. അമിതാഭ് ബച്ചനും കമല്‍ ഹാസനും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ അതിഥിവേഷത്തിലാണ് രജിനികാന്ത് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇരുവരും ഒന്നിച്ചൊരു സിനിമ പലരും ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും നടക്കാതെ പോവുകയായിരുന്നു.
വിക്രം എന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം കമല്‍ ഹാസന്റെ രണ്ട് സിനിമകള്‍ പരാജയമായിരുന്നു. ഇതില്‍ വന്‍ ഹൈപ്പിലെത്തിയ തഗ് ലൈഫ് 100 കോടി പോലും നേടാതെ കളംവിടുകയായിരുന്നു. അതേസമയം രജിനികാന്ത് ആകട്ടെ ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം അത് ആവര്‍ത്തിക്കാനാകാത്ത അവസ്ഥയിലുമാണ്. വേട്ടൈയന്‍ ശരാശരി വിജയമായപ്പോള്‍ കൂലി ശരാശരിക്ക് മുകളില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്.
കൂലിക്ക് മുമ്പ് ലോകേഷ് രജിനിയോട് പറഞ്ഞ കഥയാണ് ഇത്തവണ സിനിമയാക്കുന്നതെന്നാണ് കേള്‍ക്കുന്നത്. കമല്‍ ഹാസന്‍ നായകനായും രജിനികാന്ത് വില്ലനായുമാകും വേഷമിടുക. തമിഴ് സിനിമയിലെ രണ്ട് അതികായന്മാര്‍ ഒരിക്കല്‍ കൂടി ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. എന്നാല്‍ ഈ പ്രൊജക്ടിനായി കൈതി 2 നീണ്ടുപോകുമെന്ന നിരാശ മാത്രമേ ആരാധകര്‍ക്കുള്ളൂ.
Content Highlight: Reports that Lokesh plan to do a project with Rajnikanth Kamal Haasan together