| Wednesday, 12th November 2025, 9:02 am

ഇന്ത്യന്‍ സിനിമയില്‍ ഒരു പുതുമുഖ നടന്‍ പോലും ഇത്ര പ്രതിഫലം വാങ്ങിയിട്ടില്ല, ആദ്യ ചിത്രത്തിനായി ലോകേഷ് വാങ്ങുന്നത് 30 കോടിക്ക് മുകളില്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ എന്ന നിലയില്‍ ചുരുങ്ങിയ സമയം കൊണ്ട് തമിഴിലെ ബ്രാന്‍ഡായി മാറിയ ആളാണ് ലോകേഷ് കനകരാജ്. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകളൊരുക്കിയ ലോകേഷ് കൂലിക്ക് ശേഷം തന്റെ തട്ടകം മാറ്റുന്ന വാര്‍ത്ത സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ക്യാമറക്ക് പിന്നില്‍ മാത്രം നിന്നിരുന്ന ലോകേഷ് നായകനായി അരങ്ങേറുകയാണ്.

ഡി.സി. എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി ലോകേഷ് വാങ്ങുന്ന പ്രതിഫലമാണ് സിനിമാലോകത്തെ ചര്‍ച്ചാവിഷയം. 35 കോടിയാണ് ഈ ചിത്രത്തിനായി ലോകേഷ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സിനിമയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ഒരു പുതുമുഖ നടന്‍ വാങ്ങുന്ന ഏറ്റവുമുയര്‍ന്ന പ്രതിഫലമാണിതെന്ന് പല പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകേഷ് ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത കൂലി എന്ന ചിത്രത്തിനായി 50 കോടി പ്രതിഫലമായി കൈപ്പറ്റിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ലോകേഷ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആദ്യമായി നായകനാകുമ്പോഴും റെക്കോഡ് പ്രതിഫലം വാങ്ങുന്ന ലോകേഷ് അഭിനേതാവെന്ന നിലയിലും ബ്രാന്‍ഡായി മാറുകയാണ്.

വന്‍ ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലറായാണ് ഡി.സി പ്രേക്ഷകരിലേക്കെത്തുന്നത്. ബോളിവുഡ് താരം വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായിക. ആക്ഷന്‍ റൊമാന്റിക് ഴോണറിലെത്തുന്ന ഡി.സിയുടെ ടൈറ്റില്‍ ടീസറിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷും ചന്ദ്ര എന്ന കഥാപാത്രമായി വാമികയും വേഷമിടുന്നു.

സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോകേഷും സണ്‍ പിക്‌ചേഴ്‌സും ഒന്നിക്കുന്നത്. കൂലിയില്‍ സംവിധായകനായി എത്തിയപ്പോള്‍ പ്രതീക്ഷക്കൊത്ത് ചിത്രം ഉയര്‍ന്നിരുന്നില്ല. നായകനായി സണ്‍ പിക്‌ചേഴ്‌സിനൊപ്പം എത്തുമ്പോള്‍ നല്ലൊരു സിനിമയാകുമെന്ന് പലരും വിലയിരുത്തുന്നു. 2026 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.

വിജയ് നായകനായ മാസ്റ്ററിലാണ് ലോകേഷ് ആദ്യമായി ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ക്ലൈമാക്‌സില്‍ ചെറിയൊരു സീനില്‍ ലോകേഷ് അഭിനയിച്ചിരുന്നു. പിന്നീട് കമല്‍ ഹാസന്‍ നിര്‍മിച്ച ‘ഇനിമേല്‍’ എന്ന മ്യൂസിക് വീഡിയോയിലും ലോകേഷ് ക്യാമറക്ക് മുന്നിലെത്തി. മുഴുനീളവേഷത്തില്‍ ലോകേഷ് എത്രത്തോളം തിളങ്ങുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Reports that Lokesh Kanagaraj bagging 35 crores for debut acting movie

We use cookies to give you the best possible experience. Learn more