മലയാളസിനിമയെ കേരളത്തിന് പുറത്ത് അടയാളപ്പെടുത്തിയ സംവിധായകരിലൊരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. കണ്ടുശീലിച്ച സിനിമാരീതികളില്‍ നിന്ന് വ്യത്യസ്തമായി തന്റേതായ രീതിയില്‍ സിനിമകളൊരുക്കുകയും അത് പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തതാണ് ലിജോയുടെ പ്രത്യേകത. ‘നോ പ്ലാന്‍സ് ടു ചേഞ്ച്, നോ പ്ലാന്‍സ് ടു ഇംപ്രെസ്സ് എന്നതാണ് എല്‍.ജെ.പിയുടെ രീതി.
ഇപ്പോഴിതാ ഹിന്ദിയിലും ലിജോ ജോസ് പെല്ലിശ്ശേരി തന്റെ സാന്നിധ്യമറിയിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ ഹിറ്റ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുടെ മകന്‍ വീര്‍ ഹിരാനിയുടെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോളുവിഡിലെ ഹിറ്റ്‌മേക്കര്‍മാരിലൊരാളായ ഹന്‍സല്‍ മേത്തയാകും ഈ പ്രൊജക്ട് നിര്‍മിക്കുകയെന്നും കേള്‍ക്കുന്നുണ്ട്. അലിഗഢ്, ഷാഹിദ്, സിറ്റി ലൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും സ്‌കാം 1992, സ്‌കാം 2003, ലൂടേരേ തുടങ്ങിയ സീരീസുകള്‍ ഒരുക്കുകയും ചെയ്ത വെറ്റെറനാണ് ഹന്‍സല്‍ മേത്ത.
ലവ് സ്റ്റോറികള്‍ക്ക് പഞ്ഞമില്ലാത്ത ബോളിവുഡില്‍ എല്‍.ജെ.പിയുടെ സംവിധായകനായുള്ള അരങ്ങേറ്റം എത്രമാത്രം വ്യത്യസ്തമാകുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. മദ്രാസിന്റെ മൊസാര്‍ട്ട് എ.ആര്‍. റഹ്‌മാന്‍ ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
വന്‍ ഹൈപ്പിലെത്തി ബോക്‌സ് ഓഫീസില്‍ ശ്രദ്ധിക്കപ്പെടാതെ പോയ മലൈക്കോട്ടൈ വാലിബന് ശേഷം ലിജോ ഒരുക്കുന്ന പ്രൊജക്ടാണിത്. വാലിബന്റെ പരാജയം ആരാധകരെയും നിരാശരാക്കിയിരുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് അടുത്തിടെ തിയേറ്ററുകളിലെത്തിയ നിശാഞ്ചിയില്‍ വഴിപോക്കനായി ലിജോ പ്രത്യക്ഷപ്പെട്ടിരുന്നു.
വഴിയരികിലെ ചായക്കടയില്‍ സാധാരണക്കാരനായി നില്‍ക്കുന്ന ലിജോയുടെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ബോളിവുഡില്‍ സംവിധായകനായി അരങ്ങേറാനൊരുങ്ങുകയാണ് സിനിമാപ്രേമികളുടെ സ്വന്തം എല്‍.ജെ.പി. ബോളിവുഡിലെ അരങ്ങേറ്റം ഗംഭീരമാക്കുമെന്ന് തന്നെയാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Reports that Lijo Jose Pellissery going to debut in Bollywood to direct a love story