| Wednesday, 11th February 2026, 9:35 pm

നിര്‍മാതാവ് ചോദിച്ചത് 100 കോടി, ഒ.ടി.ടി പ്ലാറ്റ്‌ഫോം കൊടുത്തത് 43 കോടി, കറുപ്പിന്റെ തടസങ്ങളെല്ലാം തീര്‍ന്നെന്ന് റിപ്പോര്‍ട്ട്

അമര്‍നാഥ് എം.

സമീപകാലത്ത് എടുത്തുപറയാന്‍ വലിയൊരു തിയേറ്റര്‍ ഹിറ്റില്ലാത്ത നടനാണ് സൂര്യ. മികച്ച നടനാണെന്ന് പലകുറി തെളിയിച്ചിട്ടുള്ള സൂര്യക്ക് വലിയൊരു ഹിറ്റ് ലഭിക്കാത്തത് ആരാധകരെ വലിയ രീതിയില്‍ നിരാശരാക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ റെട്രോ കിതച്ചുകൊണ്ടാണ് 100 കോടി കളക്ഷന്‍ നേടിയത്. ഷൂട്ട് പൂര്‍ത്തിയായ കറുപ്പ് റിലീസാകത്തതും ആരാധകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് പോസ്റ്റ് പ്രൊഡക്ഷന്റെ അവസാനഘട്ടത്തിലാണ്. ദീപാവലിക്ക് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം പിന്നീട് മാറ്റുകയായിരുന്നു. പൊങ്കലിന് വമ്പന്‍ സിനിമകളൊന്നും ഇല്ലാതിരുന്നിട്ട് കൂടി കറുപ്പ് പുറത്തിറക്കാത്തത് പലരെയും അമ്പരപ്പിച്ചിരുന്നു. ചിത്രത്തിന്റെ റൈറ്റ്‌സിന്റെ കാര്യത്തില്‍ വ്യക്തത വരാത്തതിനാലാണ് റിലീസ് നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

റിലീസിന് മുമ്പ് 150 കോടിയെങ്കിലും നേടുക എന്നാണ് നിര്‍മാതാവ് എസ്.ആര്‍ പ്രഭു ലക്ഷ്യമിട്ടതെന്നും എന്നാല്‍ അത് നടക്കാത്തതുകൊണ്ടാണ് റിലീസ് നീണ്ടുപോകുന്നതെന്നും ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് നെറ്റ്ഫ്‌ളിക്‌സായിരുന്നു. ചിത്രത്തിനായി 100 കോടി വേണമെന്ന് നിര്‍മാതാവ് വാദിച്ചെങ്കിലും 65 കോടി ഫൈനല്‍ ഡീലില്‍ നെറ്റ്ഫ്‌ളിക്‌സ് ഉറച്ചുനില്‍ക്കുകയായിരുന്നു.

ഇപ്പോഴിതാ, വ്യത്യസ്തമായൊരു ഡീലില്‍ നിര്‍മാതാവും ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ ഫൈവും എത്തിയെന്നാണ് റിപ്പോര്‍ട്ട്. 43 കോടി ബേസ് ഡീലില്‍ ഇപ്പോള്‍ ഒപ്പുവെച്ചെന്നും ബാക്കി തുക തിയേറ്റര്‍ പെര്‍ഫോമന്‍സ് നോക്കിയ ശേഷം ബാക്കി തുക നല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു. നിര്‍മാതാവിന് ഈ ഓഫര്‍ ഓക്കെയായെന്നും റിപ്പോര്‍ട്ടുണ്ട്.

അടുത്തകാലത്തായി കൈവെച്ച ഴോണറുകളൊന്നും തിയേറ്ററില്‍ വലിയ രീതിയില്‍ വര്‍ക്കാകാത്ത സൂര്യ ഇത്തവണ വില്ലേജ് എന്റര്‍ടൈനര്‍ ഴോണറുമായാണ് വരുന്നത്. എല്‍.കെ.ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ആര്‍.ജെ ബാലാജിയാണ് കറുപ്പിന്റെ സംവിധായകന്‍. എല്ലാ തടസങ്ങളും അവസാനിച്ച ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

ആര്‍.ജെ ബാലാജി ആദ്യമായി ഒരുക്കുന്ന മാസ് ചിത്രം കൂടിയാണ് കറുപ്പ്. തൃഷയാണ് ചിത്രത്തിലെ നായിക. നടരാജ സുബ്രഹ്‌മണ്യം (നട്ടി), ഇന്ദ്രന്‍സ്, സ്വാസിക തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ സായ് അഭ്യങ്കറാണ് കറുപ്പിന്റെ സംഗീതം. സൂര്യയുടെ തിരിച്ചുവരവായിരിക്കും ഈ ചിത്രമെന്നാണ് പലരും കരുതുന്നത്.

Content Highlight: Reports that Karuppu movie OTT deals are done with Zee5 for 43 crores

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more