| Friday, 5th December 2025, 8:49 pm

ജന നായകന്‍ ഓഡിയോ ലോഞ്ചിനെക്കാള്‍ ഗ്രാന്‍ഡാകും, പരാശക്തി ഓഡിയോ ലോഞ്ചിന് തമിഴ് സൂപ്പര്‍താരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാലോകം ഒട്ടും പ്രതീക്ഷിക്കാത്ത ക്ലാഷാണ് 2026 പൊങ്കലിന് അരങ്ങേറുന്നത്. കോളിവുഡിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ വിജയ്‌യുടെ ജന നായകനൊപ്പം ശിവകാര്‍ത്തികേയന്റെ പരാശക്തി ക്ലാഷിനൊരുങ്ങുന്നുവെന്ന വാര്‍ത്ത സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറി. വിജയ്‌യുടെ അവസാന ചിത്രവും ശിവകാര്‍ത്തികേയന്റെ 25ാമത് ചിത്രവും ഒന്നിച്ചെത്തുമ്പോള്‍ വിജയം ആര്‍ക്കാകുമെന്ന ചര്‍ച്ച ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു.

തിയേറ്ററിലെ ക്ലാഷിനൊപ്പം റിലീസിന് മുമ്പ് തന്നെ ഇരു സിനിമകളും തമ്മില്‍ വലിയ മത്സരം നടക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. വിജയ്‌യുടെ ജന നായകന്‍ ഓഡിയോ ലോഞ്ച് തമിഴ് സിനിമ ഇന്നേവരെ കാണാത്ത തരത്തില്‍ ഗ്രാന്‍ഡായി നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. മലേഷ്യയില്‍ നടക്കാനിരിക്കുന്ന ഓഡിയോ ലോഞ്ചിന് ചെക്ക് വെക്കാന്‍ പരാശക്തിയുടെ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഡിസംബര്‍ 18ന് പരാശക്തിയുടെ ഓഡിയോ ലോഞ്ച് ഗ്രാന്‍ഡായി നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. ‘വേള്‍ഡ് ഓഫ് പരാശക്തി‘ എന്ന് പേരിട്ടിരിക്കുന്ന ഇവന്റില്‍ തമിഴിലെ സൂപ്പര്‍താരങ്ങളായ രജിനികാന്തും കമല്‍ ഹാസനും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ട്രെയ്‌ലറും ഇതോടൊപ്പം പുറത്തുവിടുമെന്നാണ് കരുതുന്നത്.

ജന നായകന്റെ ഓഡിയോ ലോഞ്ച് വിജയ്‌യുടെ ഫെയര്‍വെല്ലായി നടത്താണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. താരത്തിന്റെ കരിയറില്‍ വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധിന്റെ നേതൃത്വത്തില്‍ ‘ദളപതി തിരുവിഴ’ എന്ന പേരില്‍ വലിയൊരു കണ്‍സേര്‍ട്ടും ചടങ്ങിന്റെ പ്രധാന ആകര്‍ഷണമാണ്.

എല്ലാ തരത്തിലും ജന നായകനെ മറികടക്കാന്‍ പരാശക്തിയുടെ നിര്‍മാതാക്കളിലൊരാളായ റെഡ് ജയന്റ്‌സ് പദ്ധതിയിടുന്നുണ്ട്. രണ്ട് സിനിമകള്‍ തമ്മിലുള്ള ക്ലാഷിനെക്കാള്‍ വിജയ്‌ക്കെതിരെ ഡി.എം.കെ നടത്തുന്ന രാഷ്ട്രീയ നീക്കമായാണ് പരാശക്തിയുടെ റിലീസിനെ വിജയ് ആരാധകര്‍ കണക്കാക്കുന്നത്. ഡി.എം.കെ മന്ത്രിയായ ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസാണ് റെഡ് ജയന്റ്‌സ്.

തമിഴ്‌നാട്ടില്‍ ഗ്രാന്‍ഡ് റിലീസിന് ശ്രമിക്കുന്ന ജന നായകന് വലിയ തിരിച്ചടിയാണ് പരാശക്തിയുടെ റിലീസോടെ നേരിടേണ്ടി വരിക. ആദ്യത്തെ അഞ്ച് ദിവസത്തിന് ശേഷം വലിയ സെന്ററുകളിലെല്ലാം പരാശക്തി പ്രദര്‍ശനത്തിനെത്തുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തങ്ങളുടെ ദളപതി നായകനാകുന്ന അവസാന ചിത്രം ഏതുവിധേനയും വിജയിപ്പിക്കാനാണ് ആരാധകര്‍ ശ്രമിക്കുന്നത്.

Content Highlight: Reports that Kamal Hassan and Rajnikanth will attend Parasakthi audio launch

We use cookies to give you the best possible experience. Learn more