മലയാളസിനിമ കഴിഞ്ഞ കുറച്ചുകാലങ്ങളായി മിസ് ചെയ്യുന്ന നടനാണ് മമ്മൂട്ടി. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവായെന്നും അധികം വൈകാതെ മമ്മൂട്ടി സിനിമാലോകത്ത് സജീവമാകുമെന്നാണ് അടുത്തവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡിന് ശേഷം ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും ഒരുപോലെ സജീവമായി നിന്ന മമ്മൂട്ടി അഞ്ച് മാസമായി ക്യാമറക്ക് മുന്നിലോ ബിഗ് സ്‌ക്രീനിലോ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇടവേളക്ക് ശേഷം താരം തിരിച്ചെത്തുമ്പോള്‍ റിലീസിനെക്കുറിച്ചുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇടവേളക്ക് മുമ്പ് മമ്മൂട്ടി പൂര്‍ത്തിയാക്കിയ ചിത്രമായിരുന്നു കളങ്കാവല്‍.
നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മെയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം റിലീസ് മാറ്റിവെക്കേണ്ടി വരികയായിരുന്നു. തിരിച്ചുവരവില്‍ മമ്മൂട്ടിയുടെ ആദ്യ റിലീസും കളങ്കാവല്‍ തന്നെയാണ്.
ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ അവസാനവാരം ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും ഇപ്പോള്‍ അതിലും മാറ്റം വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപാവലി റിലീസുകളും പൂജ ഹോളിഡേയ്‌സ് റിലീസുകളും കാരണം കളങ്കാവലിന് ആവശ്യത്തിന് സ്‌ക്രീന്‍ ലഭിക്കാത്തതാണ് റിലീസ് മാറ്റിവെക്കാന്‍ കാരണമെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നവംബര്‍ പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം തിയേറ്റുകളിലെത്തിക്കുന്നത്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം വിനായകനും കളങ്കാവലില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രജിഷ വിജയന്‍, ഗായത്രി അരുണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന മമ്മൂട്ടി ഒക്ടോബര്‍ ആദ്യവാരം പേട്രിയറ്റിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും. മോഹന്‍ലാലും മമ്മൂട്ടിയുമൊന്നിക്കുന്ന ചിത്രത്തിന്റെ 70 ശതമാനം ഷൂട്ട് പൂര്‍ത്തിയായെന്നാണ് വിവരം. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാന്‍ ബാക്കിയുള്ളത്. അടുത്ത വര്‍ഷം പേട്രിയറ്റ് തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
Content Highlight: Reports that Kalamkaval release date postponed from October