ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് നേടിയ നടനും സംവിധായകനും ഒന്നിക്കുന്ന പ്രൊജക്ടാണ് AA22 x A6. പുഷ്പയുടെ വന്‍ വിജയത്തിന് ശേഷം അല്ലു അര്‍ജുനും ജവാന് ശേഷം അറ്റ്‌ലീയും ഒരുക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരുന്നു. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ഈ ചിത്രമെന്നാണ് ആരാധകര്‍ കരുതുന്നത്.
വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും വിദേശത്ത് നിന്നുള്ളവരാണ്. ഇപ്പോഴിതാ ചിത്രത്തിലെ നൃത്തരംഗങ്ങള്‍ കൈകാര്യം ചെയ്യാനും ഇന്ത്യക്ക് പുറത്തുനിന്നുള്ളവര്‍ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജാപ്പനീസ് ബ്രേക്ക് ഡാന്‍സര്‍ ഹൊകുടോ കിനോഷി (HoK) AA 22 x A6 നായി കൊറിയോഗ്രഫി ചെയ്യുന്നുവെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച ബ്രേക്ക് ഡാന്‍സറാണ് ഹൊകുടോ കിനോഷി. ആദ്യമായി ഇന്ത്യന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തെലുങ്കിലെ മികച്ച ഡാന്‍സര്‍മാരിലൊരാളായ അല്ലുവിനെ കൊറിയോഗ്രഫി ചെയ്യുക എന്നതാണ് ഹൊകുടോയുടെ ടാസ്‌ക്. പുഷ്പയൊഴിക എല്ലാ സിനിമകളിലും തന്റെ ചടുലനൃത്തം കൊണ്ട് അത്ഭുതപ്പെടുത്തിയ അല്ലുവിനെ ഇത്തവണ മാക്‌സിമം പിഴിഞ്ഞെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
ആരാധകരെ കോരിത്തരിപ്പിക്കാന്‍ ഐക്കണ്‍ സ്റ്റാറിന് സാധിക്കുമെന്നാണ് വിശ്വാസം. നിലവില്‍ മുംബൈയില്‍ ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷമാകും ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുകയെന്നാണ് കരുതുന്നത്. 650 കോടിയിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് AA 22 x A6.
ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം, അവതാര്‍ തുടങ്ങിയ ചിത്രങ്ങളുടെ വി.എഫ്.എക്‌സ് വര്‍ക്കുകള്‍ ചെയ്ത ലോല വി.എഫ്.എക്‌സാണ് ചിത്രത്തിന്റെ ഗ്രാഫിക്‌സ് രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ട്രാന്‍സ്‌ഫോര്‍മേഴ്‌സിന്റെ മേക്കപ്പ് മാനും അക്വാമാന്റെ പ്രൊഡക്ഷന്‍ ഡിസൈനറുമാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിനായി പ്രവര്‍ത്തിക്കുന്നത്.
രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയില്‍ ഇരട്ടവേഷത്തിലാണ് അല്ലു പ്രത്യക്ഷപ്പെടുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ബോളിവുഡ് താരം ദീപിക പദുകോണ്‍ പ്രധാന നായികയാകുമ്പോള്‍ മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
Content Highlight: Reports that Japanese choreographer Hakuto Kinoshi will be part of Allu Arjun Atlee film