| Thursday, 2nd July 2026, 2:08 pm

24 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‌യുടെ സിനിമക്ക് 'A' സര്‍ട്ടിഫിക്കറ്റ്? ഈ മാസം തന്നെ ജന നായകനെ തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മാതാക്കള്‍

അമര്‍നാഥ് എം.

തമിഴ് സിനിമയില്‍ എക്കാലത്തെയും വലിയ ക്രൗഡ്പുള്ളര്‍മാരില്‍ ഒരാളായ വിജയ് തന്റെ അവസാന സിനിമയായി പ്രഖ്യാപിച്ച ചിത്രമാണ് ജന നായകന്‍. രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് പൂര്‍ണശ്രദ്ധ നല്‍കാനാണ് താരം സിനിമാജീവിതം ഉപേക്ഷിച്ചത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരുക്കിയ ജന നായകന്‍ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

സെന്‍സര്‍ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ട സിനിമയെ പുറത്തിറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. വിജയ് മുഖ്യമന്ത്രിയായ ശേഷവും ജന നായകന്റെ റിലീസില്‍ അപ്‌ഡേറ്റുകളൊന്നും പുറത്തുവന്നില്ലായിരുന്നു. ഇപ്പോഴിതാ ചിത്രം സെന്‍സറിങ് കടമ്പ കടന്നെന്നാണ് പുതിയ വാര്‍ത്ത. റിവൈസിങ് കമ്മിറ്റി ജന നായകന് പച്ചക്കൊടി കാണിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

‘A’ സര്‍ട്ടിഫിക്കറ്റോടു കൂടിയാകും ചിത്രം പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍സിറ്റീവായിട്ടുള്ള വിഷയങ്ങള്‍ പറയുന്നതും രക്തചൊരിച്ചിലുകളുള്ള ആക്ഷന്‍ സീനുകളും കാരണമാണ് സെന്‍സര്‍ ബോര്‍ഡ് ജന നായകന് ‘A’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 24 വര്‍ഷത്തിന് ശേഷമാണ് ഒരു വിജയ് ചിത്രത്തിന് ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. 2002ല് പുറത്തിറങ്ങിയ ഭഗവതിക്ക് ‘A’ സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചത്.

സെന്‍സറിങ് പൂര്‍ത്തിയായതിനാല്‍ അധികം വൈകാതെ ചിത്രം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍. ഇപ്പോള്‍ തന്നെ ആറ് മാസത്തോളം പെട്ടിയിലിരിക്കുന്ന സിനിമയെ ഈ മാസം തന്നെ പുറത്തിറക്കാനാണ് നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് ശ്രമിക്കുന്നത്. ജൂലൈ 16നോ 23നോ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.

ജന നായകന്‍ Photo: Screen grab/ KVN Productions

എന്നാല്‍ ഇത്ര തിടുക്കപ്പെട്ടുകൊണ്ടുള്ള റിലീസ് തമിഴിലെ മറ്റ് സിനിമകളെ ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. നേരത്തെ റിലീസ് പ്രഖ്യാപിച്ച മൂന്ന് വമ്പന്‍ സിനിമകള്‍ ജന നായകന്‍ കാരണം പ്രതിസന്ധിയിലായേക്കും. അഥര്‍വയുടെ ഇദയം മുരളി, ലോകേഷ് നായകനാകുന്ന ഡി.സി, വിശാലിന്റെ മകുടം എന്നീ ചിത്രങ്ങള്‍ ജൂലൈയില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ ജന നായകന്‍ ഈ മാസം റിലീസ് ചെയ്യുകയാണെങ്കില്‍ ഈ സിനിമകളെല്ലാം മാറ്റിവെക്കേണ്ടി വരുമെന്നാണ് കരുതുന്നത്.

തെലുങ്ക് ബ്ലോക്ക്ബസ്റ്ററായ ഭഗവന്ത് കേസരിയുടെ റീമേക്കായി ഒരുങ്ങുന്ന ജന നായകന്റെ എച്ച്.ഡി പതിപ്പ് അടുത്തിടെ ഇന്റര്‍നെറ്റില്‍ ലീക്കായിരുന്നു. ഇത്രയും പ്രതിസന്ധികളെ തരണം ചെയ്ത് ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രം വിജയിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. 400 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ഹിറ്റാകണമെങ്കില്‍ മിനിമം 550 കോടിയെങ്കിലും ആവശ്യമാണ്.

Content Highlight: Reports that Jana Nayagan will hit screens this month with A Certificate

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more