| Tuesday, 2nd December 2025, 2:59 pm

ഇനിയങ്ങോട്ട് അപ്‌ഡേറ്റുകളുടെ പൂരമായിരിക്കും, ജന നായകന്‍ ട്രെയ്‌ലര്‍ ഡിസംബറില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ്‌ലൈനോടെ പ്രേക്ഷകരിലെക്കെത്തുന്ന വിജയ് ചിത്രമാണ് ജന നായകന്‍. പൂര്‍ണമായും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിജയ്‌യുടെ അവസാന ചിത്രമായാണ് ജന നായകന്‍ ആരാധകരിലേക്കെത്തുന്നത്. 2026 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

റിലീസിന് 50 ദിവസം ബാക്കി നില്ക്കുമ്പോള്‍ ഡിസംബറില്‍ ഒരുപിടി അപ്‌ഡേറ്റുകള്‍ ആരാധകര്‍ക്ക് നല്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചടക്കം ഇതില്‍ പെടും. തമിഴകത്തിന്റെ ദളപതിക്ക് സിനിമാലോകം നല്കുന്ന ഗ്രാന്‍ഡ് ഫെയര്‍വെല്ലായി ഈ ഓഡിയോ ലോഞ്ച് മാറുമെന്നാണ് കണക്കുകൂട്ടുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ഈ മാസം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

സിനിമാലോകത്ത് വിജയ് 33 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഡിസംബര്‍ നാലിന് ജന നായകനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ആദ്യചിത്രമായ നാളെയ തീര്‍പ്പ് റിലീസായത് 1992 ഡിസംബര്‍ നാലിനായിരുന്നു. ദളപതിയുടെ സിനിമാജീവിതത്തിനുള്ള ട്രിബ്യൂട്ടാകും രണ്ടാമത്തെ സിംഗിളെന്നാണ് കണക്കുകൂട്ടുന്നത്.

ഡിസംബര്‍ 27ന് മലേഷ്യയില്‍ നടക്കുന്ന ഓഡിയോ ലോഞ്ചും ആരാധകര്‍ പരമാവധി ആഘോഷമാക്കുമെന്ന് ഉറപ്പാണ്. ദളപതിയുടെ കുട്ടി സ്റ്റോറി എന്തായിരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഓഡിയോ ലോഞ്ചിനൊപ്പം തമിഴില്‍ വിജയ്ക്ക് വേണ്ടി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഗായകര്‍ അണിനിരക്കുന്ന ‘ദളപതി തിരുവിഴ’ എന്ന കണ്‍സേര്‍ട്ടും നടക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

ചിത്രത്തിലെ പാട്ടുകള്‍ ട്രെന്‍ഡായി നില്ക്കുമ്പോള്‍ ട്രെയ്‌ലറും പ്രേക്ഷകരിലേക്കെത്തുമെന്നാണ് കണക്കുകൂട്ടല്‍. ന്യൂ ഇയര്‍ ഈവിന് ട്രെയ്‌ലര്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. 2026 ആരംഭിക്കുന്നത് ദളപതി തിരുവിഴയോട് കൂടിയായിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമ ഇതുവരെ കാണാത്ത സ്വീകരണമായിരിക്കും ജന നായകന് ലഭിക്കുക.

ജനുവരി ഒമ്പതിന് പൊങ്കല്‍ റിലീസായി ജന നായകന്‍ തിയേറ്ററുകളിലെത്തും. വിജയ്‌യുടെ മുന്‍ ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്തിരുന്നു. ഇതിന് മുകളില്‍ നില്ക്കുന്ന സ്വീകരണമായിരിക്കും ജന നായകനെന്നാണ് റിപ്പോര്‍ട്ട്. ഇഷ്ടനടന്റെ അവസാനചിത്രം ആദ്യദിനം കാണുക എന്നതാണ് ഇപ്പോള്‍ ഓരോ വിജയ് ആരാധകരുടെയും ആഗ്രഹം.

Content Highlight: Reports that Jana Nayagan trailer will release on New year eve

We use cookies to give you the best possible experience. Learn more