| Friday, 17th October 2025, 10:28 pm

തമിഴ്‌നാട് റൈറ്റ്‌സ് മാത്രം 100 കോടിയോ? ജന നായകന്‍ സ്വന്തമാക്കിയത് ചരിത്ര നേട്ടമെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് തിയേറ്ററുകളിലെത്തുന്ന ജന നായകന്‍ താരത്തിന്റെ ഫെയര്‍വെല്‍ ചിത്രമായാണ് കണക്കാക്കുന്നത്. ഇഷ്ട നടന്റെ അവസാന ചിത്രം തമിഴ് സിനിമാലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ആഘോഷമാക്കാനാണ് ആരാധകര്‍ പ്ലാന്‍ ചെയ്യുന്നത്.

ഈ വര്‍ഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ ഷൂട്ട് പൂര്‍ത്തിയാകാത്തതിനാല്‍ 2026 പൊങ്കലിലേക്ക് റിലീസ് മാറ്റുകയായിരുന്നു. ഇന്‍ഡസ്ട്രിയിലെ പല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിയാന്‍ സാധ്യതയുള്ള ജന നായകന്‍ റിലീസിന് മുമ്പ് വമ്പന്‍ നേട്ടങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ 102 കോടിക്കാണ് ജന നായകന്റെ തിയേറ്ററിക്കല്‍ റൈറ്റ്‌സ് വിറ്റുപോയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു തമിഴ് സിനിമയുടെ ഏറ്റവുമുയര്‍ന്ന റൈറ്റ്‌സാണ് ഇത്. തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ റോമിയോ പിക്‌ചേഴ്‌സാണ് ജന നായകന്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകളിലെത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റൊന്നും പുറത്തുവന്നിട്ടില്ല.

102 കോടിയാണ് റൈറ്റ്‌സെങ്കില്‍ വിതരണക്കാരന്‍ സേഫാകാന്‍ 250 കോടിയെങ്കിലും തമിഴ്‌നാട്ടില്‍ നിന്ന് ജന നായകന്‍ നേടണം. എന്നാല്‍ ആദ്യത്തെ അഞ്ച് ദിവസത്തിന് ശേഷം പല വമ്പന്‍ റിലീസുകളുമുള്ളത് ജന നായകന് തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്. ശിവകാര്‍ത്തികേയന്റെ പരാശക്തിയും പൊങ്കല്‍ റിലീസായാണ് എത്തുന്നത്.

ജന നായകന്‍ ജനുവരി 10ന് തിയേറ്ററുകളിലെത്തും. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പരാശക്തിയുടെ റിലീസ്. ഈ അഞ്ച് ദിവസത്തില്‍ മാക്‌സിമം കളക്ഷന്‍ നേടാന്‍ ജന നായകന് സാധിക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. പരാശക്തി റിലീസിനെത്തിക്കുന്നത് തമിഴിലെ ഭീമന്മാരായ റെഡ് ജയന്റ്‌സായതിനാല്‍ പരമാവധി സ്‌ക്രീനുകള്‍ പരാശക്തിക്ക് ലഭിക്കും. വിജയ്‌യുടെ രാഷ്ട്രീയ എതിരാളികളായ ഡി.എം.കെയുടേതാണ് റെഡ് ജയന്റ് മൂവീസ്.

തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജന നായകന്‍. മലയാളി താരം മമിത ബൈജുവും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പൂജ ഹെഗ്‌ഡേ നായികയായെത്തുന്ന ചിത്രത്തില്‍ ബോബി ഡിയോളാണ് വില്ലനായി വേഷമിടുന്നത്. നരെയ്ന്‍, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോന്‍ എന്നിവരും ജന നായകനില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Reports that Jana Nayagan’s Tamilnadu theatre rights sold for 102 crores

We use cookies to give you the best possible experience. Learn more