തമിഴകത്തിന്റെ ദളപതിയുടെ അവസാന സിനിമ എന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്ന ചിത്രമാണ് ജന നായകന്‍. തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ആരാധകര്‍ പരമാവധി ആഘോഷമാക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് ചെറിയ രീതിയില്‍ നിരാശ സമ്മാനിക്കുകയാണ്.
വിജയ് സിനിമകളുടെ റിലീസ് പോലെ ആഘോഷമാക്കുന്ന ഒന്നാണ് ആ സിനിമകളുടെ ഓഡിയോ ലോഞ്ച്. ചിത്രത്തിലെ പാട്ടുകളുടെ റിലീസ് എന്നതിലുപരി വിജയ് തന്റെ ആരാധകരോട് സംസാരിക്കുന്ന ചടങ്ങ് പരമാവധി ആഘോഷമാകാറുണ്ട്. ‘എന്‍ നെഞ്ചില്‍ കുടിയിരുക്കും’ എന്ന് പറഞ്ഞുകൊണ്ട് വിജയ് ആരംഭിക്കുന്ന പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
എന്നാല്‍ ജന നായകന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ കടല്‍ കടക്കേണ്ടി വരുമെന്നാണ് പുതിയ വിവരം. മലേഷ്യയില്‍ വെച്ചാകും ചിത്രത്തിന്റെ ഓഡിയോ ലോഞ്ചെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് വിജയ്‌യുടെ ഒരു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ത്യക്ക് പുറത്ത് നടക്കുന്നത്. മലേഷ്യയിലെ തമിഴ് ജനത ജന നായകന്‍ ഓഡിയോ ലോഞ്ചിനെ വന്‍ വിജയമാക്കി മാറ്റുമെന്നാണ് വിലയിരുത്തല്‍.
ഡിസംബര്‍ അവസാന വാരമായിരിക്കും ഓഡിയോ ലോഞ്ച് അരങ്ങേറുകയെന്നാണ് റിപ്പോര്‍ട്ട്. ഓഡിയോ ലോഞ്ചും ട്രെയ്‌ലര്‍ റിലീസും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജന നായകന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് പുറമെ വിജയ്‌യുടെ കരിയറില്‍ വലിയ സ്വാധീനമുണ്ടാക്കിയ സംവിധായകരും ഈ പരിപാടിയില്‍ പങ്കെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അറ്റ്‌ലീ, ലോകേഷ് കനകരാജ്, എ.ആര്‍. മുരുകദോസ്, പ്രഭുദേവ, എസ്.ജെ. സൂര്യ തുടങ്ങി നിരവധിയാളുകള്‍ ചടങ്ങിന്റെ ഭാഗമയേക്കുമെന്ന് കരുതുന്നു. തമിഴകത്തിന്റെ ഏറ്റവും വലിയ ക്രൗഡ്പുള്ളര്‍ക്ക് ഇതുവരെ കാണാത്ത തരത്തില്‍ ഗ്രാന്‍ഡായിട്ടുള്ള യാത്രയയപ്പാകും ഇന്‍ഡസ്ട്രി കാത്തുവെക്കുന്നത്. അവാസനത്തെ ‘കുട്ടിക്കഥ’യില്‍ വിജയ് എന്താകും പറയുകയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
ചിത്രത്തിലെ രണ്ടാമത്തെ ഗാനം അധികം വൈകാതെ പുറത്തിറക്കുമെന്നും ഇനിയുള്ള 50 ദിവസങ്ങള്‍ ജന നായകനെ ലൈവായി നിര്‍ത്താനുമാകും അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ജനുവരി ഒമ്പതിന് പൊങ്കല്‍ റിലീസായെത്തുന്ന ജന നായകന്റെ ഏറ്റവും വലിയ വെല്ലുവിളി ശിവകാര്‍ത്തികേയന്റെ പരാശക്തിയാണ്. ജനുവരി 14ന് റിലീസ് ചെയ്യുന്ന പരാശക്തിയുടെ വിതരണക്കാര്‍ റെഡ് ജയന്റ് മൂവീസാണ്. ജന നായകന്റെ സ്‌ക്രീനുകള്‍ പരമാവധി കുറയുമെന്നാണ് വിലയിരുത്തല്‍.
Content Highlight: Reports that Jana Nayagan audio launch will take place in Malaysia