| Monday, 28th September 2026, 8:39 pm

ഓഡിയോ ലോഞ്ച് ചെയ്യാത്ത പടങ്ങളൊന്നും നിലംതൊട്ടിട്ടില്ല, ജയിലര്‍ 2ന് ഓഡിയോ ലോഞ്ചില്ലെന്ന വാര്‍ത്തക്ക് പിന്നാലെ സിനിമാപേജുകള്‍

അമര്‍നാഥ് എം.

തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ഒരിക്കല്‍കൂടി ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി എത്തുമ്പോള്‍ ആരാധകരുടെ ആവേശം വാനോളമാണ്. ടൈറ്റില്‍ ടീസര്‍ മുതല്ക്കിങ്ങോട്ട് വന്ന ഓരോ അപ്‌ഡേറ്റുകളും ഹൈപ്പ് ഉയര്‍ത്തുകയും ചെയ്തു.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കൂലി നിരാശപ്പെടുത്തിയെങ്കിലും ജയിലര്‍ 2 ഗംഭീരമാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. തലൈവരുടെ ഓറ മാക്‌സിമം ഒപ്പിയെടുക്കുന്ന നെല്‍സണ്‍ ഇത്തവണയും ജയം ആവര്‍ത്തിക്കുമെന്നാണ് പ്രവചനങ്ങള്‍. രജിനികാന്തിനൊപ്പം ഇന്ത്യന്‍ സിനിമയിലെ പല വമ്പന്മാരും ജയിലര്‍ 2ന്റെ ഭാഗമാണ്.

എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്ത ആരാധകര്‍ക്കും സിനിമാപേജുകള്‍ക്കും ഒരുപോലെ ടെന്‍ഷന്‍ സമ്മാനിച്ചിരിക്കുകയാണ്. ചിത്രത്തിന് ഓഡിയോ ലോഞ്ച് ഉണ്ടായേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രജിനിയുടെ അടുത്ത ചിത്രമായ ധര്‍മന്റെ ഓഡിയോ ലോഞ്ച് രണ്ട് മാസത്തിനുള്ളില്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജയിലര്‍ 2ന് ഗ്രാന്‍ഡായ ഓഡിയോ ലോഞ്ച് വേണ്ടെന്ന് നിര്‍മാതാക്കള്‍ തീരുമാനിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രത്യേകം ക്ഷണിച്ച അതിഥികള്‍ക്കായി ഒരു പ്രൈവറ്റ് ഫങ്ഷന്‍ സംഘടിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂലിയുടെ ഓഡിയോ ലോഞ്ച് പോലെ താരസംഗമം കാണാനുള്ള അവസരം ആരാധകര്‍ക്ക് ലഭിച്ചേക്കില്ലെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലര്‍ 2ന് മുമ്പ് സണ്‍ പിക്‌ചേഴ്‌സ് ഓഡിയോ ലോഞ്ച് നടത്താത്ത സിനിമകളും ഇതിന് പിന്നാലെ ചര്‍ച്ചയായിരിക്കുകയാണ്.

രജിനികാന്തിന്റെ അണ്ണാത്തെ, വിജയ് നായകനായ ബീസ്റ്റ്, സൂര്യയുടെ എതര്‍ക്കും തുനിന്തവന്‍ എന്നീ സിനിമകള്‍ക്ക് സണ്‍ പിക്‌ചേഴ്‌സ് ഓഡിയോ ലോഞ്ച് നടത്തിയിരുന്നില്ല. ഈ സിനിമകളാകട്ടെ ബോക്‌സ് ഓഫീസില്‍ വിജയിച്ചതുമില്ല. വന്‍ ഹൈപ്പിലും ബജറ്റിലും സ്റ്റാര്‍ കാസ്റ്റിലുമെത്തുന്ന ജയിലര്‍ 2നും ഇതേ അവസ്ഥയാകുമോ എന്നാണ് പലരുടെയും പേടി.

350 കോടിയിലേറെ ചെലവഴിച്ച് ഒരുക്കുന്ന ജയിലര്‍ 2 തമിഴിലെ ആദ്യ 1000 കോടി ക്ലബ്ബ് എന്‍ട്രിയാകുമെന്നാണ് ചിലര്‍ പ്രവചിക്കുന്നത്. എസ്.ജെ സൂര്യ, വിദ്യ ബാലന്‍, സുരാജ് വെഞ്ഞാറമൂട്, കോട്ടയും നസീര്‍, ഹക്കിം ഷാ, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, വിജയ് സേതുപതി, ഹൃതിക് റോഷന്‍ എന്നിവരുടെ അതിഥിവേഷവും പ്രതീക്ഷ ഇരട്ടിയാക്കുന്നു.

Content Highlight: Reports that Jailer 2 has no audio launch

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more