| Wednesday, 27th August 2025, 10:21 pm

പൊന്നീച്ച പാറുന്ന അടി കാണാന്‍ റെഡിയായിക്കോ, സ്‌പൈഡര്‍മാന്റെ ആക്ഷന്‍ സീനുകള്‍ ചെയ്യുന്നത് ജാക്കി ചാനും സംഘവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ. മാര്‍വലിന്റെ ഫേസ് സെവനില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രമാണിത്. നോ വേ ഹോമിന് ശേഷം ടോം ഹോളണ്ട് വീണ്ടും സ്‌പൈഡര്‍മാനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ട് ദ്രുതഗതിയില്‍ നടക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ പിക്കുകള്‍ സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാക്ഷാന്‍ ജാക്കി ചാന്‍ എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജാക്കി ചാന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താനും തന്റെ ടീമും ബ്രാന്‍ഡ് ന്യൂ ഡേയിലെ ആക്ഷന്‍ സീനുകള്‍ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചതായി സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലണ്ടനിലെ സെറ്റില്‍ അദ്ദേഹം ഈയിടെ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മാര്‍വലിന്റെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ലൈവ് ലൊക്കേഷനുകളിലാണ് സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേയുടെ ചിത്രീകരണം നടക്കുന്നത്. വന്‍ ആക്ഷന്‍ സീനുകളാണ് ഈ ഭാഗത്തിലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

മള്‍ട്ടിവേഴ്‌സിലെ പ്രശ്‌നങ്ങള്‍ക്ക് ശേഷം എല്ലാവരുടെയും ഓര്‍മയില്‍ നിന്ന് മാഞ്ഞ പീറ്റര്‍ പാര്‍ക്കറുടെ പുതിയ ദൗത്യങ്ങളാണ് ബ്രാന്‍ഡ് ന്യൂ ഡേയുടെ കഥ. മുന്‍ ചിത്രങ്ങളിലെ നായികയായ സെന്‍ഡയക്ക് ഈ ഭാഗത്തില്‍ ചെറിയ വേഷം മാത്രമേയുള്ളൂ. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഷൂട്ടിങ് വീഡിയോകള്‍ ലീക്കായതിന് പിന്നാലെ സെറ്റിലെ പ്രവേശനം മാര്‍വല്‍ നിയന്ത്രിച്ചിരിക്കുകയാണ്.

തണ്ടര്‍ബോള്‍ട്‌സില്‍ ഏറെ കൈയടി നേടിയ ഫ്‌ളോറന്‍സ് പ്യൂ ഈ ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട് എന്നും റൂമറുകള്‍ വരുന്നുണ്ട്. യെലെന എന്ന കഥപാത്രം ഇപ്രാവശ്യവും കൈയടി നേടുമെന്നാണ് ആരാധകര്‍ കരുതുന്നത്. അവഞ്ചേഴ്‌സ് ഡൂംസ് ഡേക്ക് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടായാണ് മാര്‍വല്‍ ഈ ചിത്രത്തെ കണക്കാക്കുന്നത്.

മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ബൗണ്ട് സ്‌ക്രിപ്റ്റ് ഇല്ലാതെയാണ് മാര്‍വല്‍ ബ്രാന്‍ഡ് ന്യൂ ഡേ ചിത്രീകരിക്കുന്നത്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം, നോ വേ ഹോം എന്നീ ചിത്രങ്ങള്‍ ഇതേ രീതിയിലാണ് ഷൂട്ട് ചെയ്തത്. പീറ്റര്‍ പാര്‍ക്കറിന്റെ നാലാം വരവില്‍ ഒരുപാട് സസ്‌പെന്‍സ് ഉണ്ടാകുമെന്ന് എറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

Content Highlight: Reports that Jackie Chan will design the action scenes in Spiderman Brand new Day Movie

We use cookies to give you the best possible experience. Learn more