ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനിരുന്ന വിജയ് ചിത്രം ജന നായകന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകള്‍ കാരണം പ്രദര്‍ശനത്തിനെത്താതെ പ്രതിസന്ധിയിലായിരിക്കുകയാണ്. സെന്‍സറിങ് കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് റിലീസ് അനിശ്ചിതമായി വൈകുന്നത്. ഹൈക്കോടതിയിലെ അടുത്ത ഹിയറിങ് ജനുവരി 21നാണ്. എന്നാല്‍ നിര്‍മാതാക്കള്‍ നാളെ സുപ്രീം കോടതിയെ സമീപിക്കുകയാണെന്നും വാര്‍ത്തകളുണ്ട്.
പറഞ്ഞ സമയത്ത് റിലീസാകാതിരുന്നിട്ടും ജന നായകന്‍ മറ്റൊരു നേട്ടം സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളെ ഐമാക്‌സ് ഇന്ത്യ സമീപിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രം ഐമാക്‌സ് ഫോര്‍മാറ്റില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് ഐമാക്‌സ് ഇന്ത്യ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രം ആദ്യം ഐമാക്‌സില്‍ പുറത്തിറക്കാന്‍ നിര്‍മാതാക്കള്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും അവതാര്‍ ഫയര്‍ ആന്‍ഡ് ആഷിന്റെ റിലീസ് കാരണം സ്‌ക്രീനുകള്‍ കിട്ടാത്ത അവസ്ഥയായിരുന്നു. എന്നാല്‍ റിലീസ് മാറ്റിയതോടെ ഐമാക്‌സിന്റെ അധികൃതര്‍ ജന നായകനെ സമീപിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഇത് ആദ്യമായല്ല വിജയ്‌യുടെ ചിത്രം ഐമാക്‌സില്‍ റിലീസാകുന്നത്.
ലോകേഷ് കനകരാജ്- വിജയ് കോമ്പോയിലെത്തിയ ലിയോ, വെങ്കട് പ്രഭു സംവിധാനം ചെയ്ത ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നിവയാണ് മുമ്പ് ഐമാക്‌സില്‍ റിലീസ് ചെയ്ത വിജയ് ചിത്രങ്ങള്‍. ഇതില്‍ ലിയോ തമിഴിലെ ആദ്യത്തെ ഐമാക്‌സ് ചിത്രമായിരുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രവും ഐമാക്‌സില്‍ എത്തിക്കാന്‍ വിജയ്ക്ക് സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
ചിത്രം ഈ മാസം തന്നെ തിയേറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. പൊങ്കലിനുള്ളില്‍ ചിത്രം പുറത്തിറക്കിയാല്‍ കളക്ഷന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ കൂടുതല്‍ വൈകിയാല്‍ ചിത്രം റിലീസാകാന്‍ വീണ്ടും വൈകുമെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ജന നായകന്‍ എത്രയും വേഗം തിയേറ്ററിലെത്തിക്കാനാണ് ശ്രമിക്കുന്നത്.
450 കോടി ബജറ്റിലാണ് ജന നായകന്‍ ഒരുങ്ങിയത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ഇരട്ട ഗെറ്റപ്പില്‍ വിജയ് പ്രത്യക്ഷപ്പെടുന്ന ചിത്രം ശക്തമായ രാഷ്ട്രീയവും സംസാരിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് തിയേറ്ററിലെത്തുന്ന വിജയ് ചിത്രം ആഘോഷമാക്കാനാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.
Content Highlight: Reports that IMAX India approached Jana Nayagan team