| Thursday, 27th November 2025, 9:14 pm

ചുമ്മാ എഴുതിക്കൊടുത്തതല്ല, പനോരമ സ്റ്റുഡിയോസ് ദൃശ്യം 3യുടെ റൈറ്റ്‌സ് സ്വന്തമാക്കാന്‍ ചെലവാക്കിയത് 150 കോടിയിലേറെ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ച അനൗണ്‍സ്‌മെന്റാണ് ഇന്ന് പുറത്തുവന്നത്. സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3യുടെ തിയേറ്ററിക്കല്‍, ഡിജിറ്റല്‍ റൈറ്റ്‌സ് ബോളിവുഡ് നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്ന വാര്‍ത്ത ആരാധകര്‍ക്ക് വലിയൊരു ഷോക്കാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.

ഒ.ടി.ടി റിലീസിനെയടക്കം സാരമായി ബാധിക്കുന്ന ഇത്തരമൊരു തീരുമാനം എടുത്തതിന്റെ പേരില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ ആരാധകരില്‍ പലരും രംഗത്തെത്തി. പാന്‍ ഇന്ത്യന്‍ ലെവലില്‍ വലിയൊരു റെവന്യൂ സ്വന്തമാക്കാന്‍ സാധ്യതയുള്ള ദൃശ്യം 3യുടെ റൈറ്റ്‌സ് ഇങ്ങനെ നല്കിയത് ശരിയായില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.

എന്നാല്‍ ദൃശ്യം 3യുടെ റൈറ്റ്‌സിനായി പനോരമ സ്റ്റുഡിയോസ് ചെലവാക്കിയ തുക ഒരു മലയാളസിനിമക്ക് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവുമുയര്‍ന്നതാണെന്നാണ് റിപ്പോര്‍ട്ട്. 160 കോടിക്കാണ് പനോരമ ദൃശ്യം 3യെ സ്വന്തമാക്കിയത്. ഒ.ടി.ടി ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സ്, ജിയോ ഹോട്‌സ്റ്റാര്‍ എന്നിവര്‍ നല്കുന്നതിനെക്കാള്‍ ഇരട്ടി തുകയാണ് ഇതെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

ഒരുപക്ഷേ, സാധാരണ രീതിയില്‍ ദൃശ്യം 3യുടെ റൈറ്റ്‌സ് വില്ക്കാന്‍ ശ്രമിച്ചാല്‍ ഇത്രയും തുക ലഭിക്കാന്‍ സാധ്യതയില്ലെന്നും പനോരമയുടെ ഈ നീക്കം നിര്‍മാതാവിന് വലിയ ലാഭം നല്കിയിട്ടുണ്ടെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. 20 കോടിക്ക് താഴെ ബജറ്റിലൊരുങ്ങുന്ന ദൃശ്യം 3 ഇതിനോടകം വലിയ ലാഭമാണ് സ്വന്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഇതിന് മറ്റൊരു വശമുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിന് പുറത്ത് ചിത്രത്തിന് അധികം സ്‌ക്രീനുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും ഒ.ടി.ടി റിലീസ് എപ്പോള്‍ വേണമെന്ന് പനോരമ സ്റ്റുഡിയോസ് തീരുമാനമെടുക്കുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തി ചിത്രം വശ് നേരിട്ട പ്രതിസന്ധി ദൃശ്യം 3ക്കും നേരിടേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്.

കൈയിലിരിക്കുന്ന പ്രൊഡക്ടിന്റെ മൂല്യം കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ടാണ് ആന്റണി പെരുമ്പാവൂര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരക്കാര്‍, ബറോസ് എന്നീ സിനിമകള്‍ വരുത്തിവെച്ച നഷ്ടം ഇതോടെ മറികടന്നെന്നും ചില പേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. ദൃശ്യം 3യുടെ മലയാളം റിലീസിന് ശേഷമേ ഹിന്ദി പതിപ്പ് ഷൂട്ട് തുടങ്ങുകയുള്ളൂവെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചിട്ടുണ്ട്.

Antony Perumabvoor/ Facebook/ Antony perumbavoor

ഒക്ടോബര്‍ അവസാനവാരം തൊടുപുഴയില്‍ ഷൂട്ടിങ് ആരംഭിച്ച ദൃശ്യം 3 അവസാനഘട്ടത്തോടടുക്കുകയാണ്. കുറച്ച് പാച്ച് വര്‍ക്കുകള്‍ക്ക് ശേഷം ഷൂട്ട് പൂര്‍ത്തിയാകും. ജനുവരിയിലോ അല്ലെങ്കില്‍ മാര്‍ച്ച് അവസാനത്തോടെയോ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Reports that Drishyam 3 movie rights sold for 160 crore

We use cookies to give you the best possible experience. Learn more