സിനിമാപ്രേമികള്‍ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധുരന്ധര്‍. ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രം ടൈറ്റില്‍ ടീസര്‍ മുതല്ക്ക് തന്നെ ചര്‍ച്ചയായി മാറി. ഇതുവരെ കാണാത്ത തരത്തില്‍ വയലന്‍സും ആക്ഷനും നിറഞ്ഞ ചിത്രമാണെന്ന് ടീസറും പിന്നാലെയെത്തിയ ട്രെയ്‌ലറും സൂചന നല്കിയിരുന്നു.
ഡിസംബര്‍ അഞ്ചിന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. മൂന്നര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രമാകും ധുരന്ധറെന്ന് പലരും അഭിപ്രായപ്പെടുന്നു. ഏഴര മണിക്കൂറോളം ഫൈനല്‍ കട്ട് വന്നതിനാല്‍ രണ്ട് ഭാഗങ്ങളിലായി ചിത്രം പുറത്തിറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇപ്പോഴിതാ ആദ്യഭാഗം മൂന്ന് മണിക്കൂര്‍ 32 മിനിറ്റ് ഉണ്ടായേക്കുമെന്നാണ് പുതിയ വിവരം. വരുംദിവസങ്ങളില്‍ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാകുമെന്നും അതിന് ശേഷമാകും ഇതേക്കുറിച്ച് കൃത്യമായ രൂപം ലഭിക്കുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്. ഏറ്റവും ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റിലേക്ക് ധുരന്ധറും ഇടം പിടിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നുണ്ട്.
തിയേറ്റര്‍ റിലീസുകളില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ സിനിമകളില്‍ ഒന്നാം സ്ഥാനത്ത് ഹിന്ദി ചിത്രം LOC കാര്‍ഗിലാണ്. 2003ല്‍ റിലീസായ ചിത്രത്തിന് നാല് മണിക്കൂര്‍ മൂന്ന് മിനിറ്റാണ് ദൈര്‍ഘ്യം. തമിഴ് ചിത്രം തവമായ് തവമിരുന്ത് (മൂന്ന് മണിക്കൂര്‍ 24 മിനിറ്റ്), മേരാ നാം ജോക്കര്‍ (നാല് മണിക്കൂര്‍ നാല് മിനിറ്റ്), ലഗാന്‍ (മൂന്ന് മണിക്കൂര്‍ 46 മിനിറ്റ്) എന്നിവയാണ് ലിസ്റ്റിലെ മറ്റ് സിനിമകള്‍.
ഈ വര്‍ഷം റീ റിലീസ് ചെയ്ത ബാഹുബലി ദി എപ്പിക് മൂന്ന് മണിക്കൂര്‍ 45 മിനിറ്റായിരുന്നു ദൈര്‍ഘ്യം. രണ്ട് ഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത സിനിമാനുഭവമായിരുന്നു ബാഹുബലി ദി എപിക്. 2023ല്‍ പുറത്തിറങ്ങിയ അനിമലിനും മൂന്നര മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം റിലീസായ പുഷ്പ ദി റൂള്‍ മൂന്ന് മണിക്കൂര്‍ 44 മിനിറ്റിന്റെ വേര്‍ഷനായിരുന്നു ഒ.ടി.ടിയിലെത്തിയത്.
മൂന്ന് മണിക്കൂറിലേറെ പ്രേക്ഷകരെ തിയേറ്ററില്‍ പിടിച്ചിരുത്തുക എന്നത് ശ്രമകരമായ കാര്യമാണെന്നിരിക്കെ ഇങ്ങനെയൊരു റിസ്‌ക് അണിയറപ്രവര്‍ത്തകര്‍ എടുക്കുന്നത് വെറുതേയാകില്ലെന്നാണ് കണക്കുകൂട്ടല്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ധുരന്ധറില്‍ രണ്‍വീര്‍ സിങ്ങാണ് നായകന്‍. അര്‍ജുന്‍ രാംപാല്‍, അക്ഷയ് ഖന്ന, മാധവന്‍, സഞ്ജയ് ദത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍.
ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലെത്തിയ ചാരനായി പ്രവര്‍ത്തിച്ച മേജര്‍ മോഹിത ശര്‍മയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആദിത്യ ധര്‍ ധുരന്ധര്‍ ഒരുക്കിയത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും. ഒന്നര വര്‍ഷത്തിന് ശേഷം രണ്‍വീര്‍ നായകനാകുന്ന ചിത്രം കൂടിയാണ് ധുരന്ധര്‍.
Content Highlight: Reports that Dhurandhar movie has duration of three hours 32 minutes