| Saturday, 22nd November 2025, 8:04 am

വയലന്‍സും റീമേക്കും ചെയ്ത് കരിയറും സമയവും കളയുന്നില്ല, കില്ലിന്റെ റീമേക്കില്‍ നിന്ന് പിന്മാറി ധ്രുവ് വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറും നാല് സിനിമകള്‍ കൊണ്ട് തമിഴ് ഇന്‍ഡസ്ട്രിയുടെ ഭാവി വാഗ്ദാനമെന്ന് അറിയപ്പെട്ട താരമാണ് ധ്രുവ് വിക്രം. അപാരമായ പൊട്ടന്‍ഷ്യലുള്ള താരം ഓരോ സിനിമ കഴിയുന്തോറും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബൈസണ്‍ ഗംഭീര പ്രതികരണം സ്വന്തമാക്കുകയും ചെയ്തു.

ബൈസണ് ശേഷം ധ്രുവ് ഭാഗമാകുന്ന പ്രൊജക്ട് ഏതാകുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സിനിമാപേജുകളില്‍ സജീവമായിരുന്നു. 2024ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ കില്ലിന്റെ തമിഴ് റീമേക്കില്‍ ധ്രുവ് നായകനാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച വയലന്‍സ് ആക്ഷന്‍ ത്രില്ലറെന്നാണ് പലരും കില്ലിനെ വിശേഷിപ്പിച്ചത്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ധ്രുവ് ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. കരിയറില്‍ ഇതുവരെ ചെയ്ത നാല് സിനിമകളില്‍ രണ്ടെണ്ണം റീമേക്കായിരുന്നു. ഇനിയും റീമേക്കുകളില്‍ ഭാഗമാകാന്‍ താത്പര്യമില്ലെന്ന് ബൈസണിന്റെ പ്രൊമോഷനിടെ ധ്രുവ് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ സംവിധായകന്‍ മാരി സെല്‍വരാജിന്റെ ഉപദേശവും മാറി ചിന്തിക്കാന്‍ ധ്രുവിനെ പ്രേരിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ബൈസണ്‍ എന്ന സിനിമ തമിഴിലെ സാധാരണ പ്രേക്ഷകര്‍ ഏറ്റെടുത്തെന്നും വയലന്‍സ് അധികമുള്ള സിനിമകള്‍ ചെയ്ത് ഇപ്പോഴുള്ള ജനപ്രീതി നഷ്ടപ്പെടുത്തരതെന്ന് മാരി ധ്രുവിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഈ രണ്ട് കാര്യങ്ങളാണ് റീമേക്കില്‍ നിന്ന് ധ്രുവ് പിന്മാറാന്‍ കാരണമെന്ന് പറയപ്പെടുന്നു. ധ്രുവിന്റെ അടുത്ത പ്രൊജക്ട് ഏതാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഒ.ടി.ടിയില്‍ റിലീസായി ഗംഭീര പ്രതികരണം സ്വന്തമാക്കിയ മഹാന് ശേഷം രണ്ടരവര്‍ഷത്തോളം സമയമെടുത്താണ് ധ്രുവ് ബൈസണ്‍ പൂര്‍ത്തിയാക്കിയത്. കബഡി പരിശീലനവും ബോഡി ട്രാന്‍സ്‌ഫോര്‍മേഷനും വേണ്ടി താരം വളരെയധികം കഷ്ടപ്പെട്ടിരുന്നു. എന്നാല്‍ സിനിമകള്‍ക്കിടയിലെ വലിയ ഗ്യാപ്പ് ധ്രുവിന്റെ കരിയറിന് വലിയ തിരിച്ചടിയാകുമെന്നും സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നു.

അതേസമയം ബൈസണ്‍ കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ റിലീസായി. തിയേറ്ററില്‍ ഗംഭീര അഭിപ്രായം സ്വന്തമാക്കുകയും ബോക്‌സ് ഓഫീസില്‍ 80 കോടിയിലേറെ സ്വന്തമാക്കുകയും ചെയ്ത ചിത്രമാണ് ബൈസണ്‍. വാഴൈക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം അര്‍ജുന അവാര്‍ഡ് ജേതാവ് മാനതി ഗണേശന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുങ്ങിയത്.

Content Highlight: Reports that Dhruv Vikram backed from Kill movie remake

We use cookies to give you the best possible experience. Learn more