| Friday, 6th March 2026, 8:39 pm

ഇനിയെങ്ങാനും ബിരിയാണി കിട്ടുമോ? ഇലക്ഷന് മുമ്പ് ജന നായകന്‍ റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് സിനിമാപേജുകള്‍

അമര്‍നാഥ് എം.

കരിയറിലാദ്യമായി വിജയ്‌യുടെ ഒരു സിനിമ അനിശ്ചിതമായി റിലീസ് നീണ്ടുപോവുകയാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് നായകനായ ജന നായകനാണ് ഈ പ്രതിസന്ധി. ഈ വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യേണ്ട ചിത്രം ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ റിലീസിന് രണ്ട് ദിവസം ബാക്കിനില്‍ക്കെ മാറ്റിവെച്ചെന്ന് നിര്‍മാതാക്കള്‍ അറിയിക്കുകയായിരുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും അവിടെയും കാലതമാസം നേരിടേണ്ടി വന്നു. തുടര്‍ന്ന് കേസ് പിന്‍വലിച്ച് റിവൈസിങ് കമ്മിറ്റിക്ക് മുന്നില്‍ നിര്‍മാതാക്കള്‍ ജന നായകനെ സമര്‍പ്പിച്ചു. എന്നാല്‍ ഫെബ്രുവരി ആദ്യവാരം സമര്‍പ്പിച്ച ചിത്രം ഇതുവരെ സെന്‍സര്‍ ബോര്‍ഡ് കണ്ടിട്ടില്ല. ഇതോടെ ഇലക്ഷന് മുമ്പ് ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള നിര്‍മാതാക്കളുടെ പദ്ധതിക്ക് തിരിച്ചടി ലഭിച്ചിരിക്കുകയാണ്.

ഇലക്ഷന്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ജന നായകന്റെ റിലീസ് നീണ്ടുപോകുമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ഇലക്ഷന് മുമ്പ് ചിത്രം റിലീസ് ചെയ്യാന്‍ ചെറിയ സാധ്യത മുന്നില്‍ വന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജന നായകന്‍ കാണാമെന്ന് അറിയിച്ചുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞദിവസം നിര്‍മാതാക്കള്‍ക്ക് മെയില്‍ അയച്ചിരുന്നു. മാര്‍ച്ച് ഒമ്പതിനാണ് ജന നായകന്റെ പ്രത്യേക സ്‌ക്രീനിങ്.

ഇതിന് ശേഷം സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ അംഗീകരിച്ചാല്‍ ഇലക്ഷന്‍ തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ചിത്രം റിലീസ് ചെയ്യിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ലോങ് റണ്ണാണ് നിര്‍മാതാക്കള്‍ കണക്കുകൂട്ടുന്നതെങ്കില്‍ ഇലക്ഷന്‍ കഴിയുന്നതുവരെ ചിത്രം നീട്ടിക്കൊണ്ടുപോകേണ്ടി വരുമെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

അടുത്തയാഴ്ച തന്നെ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാര്‍ച്ച് 19ന് റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ചിത്രം തിയേറ്ററുകളില്‍ നിന്ന് മാറ്റേണ്ടി വരും. ഇത് ഒഴിവാക്കാനായി മെയ് മാസം തുടക്കത്തിലോ ജൂണിലോ ചിത്രം റിലീസ് ചെയ്യാനും പദ്ധതിയിടുന്നുണ്ട്. ജന നായകന്‍ മാത്രമല്ല, കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം ടോക്‌സിക്കിനും റിലീസ് മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്.

450 കോടി ബജറ്റിലാണ് ജന നായകന്‍ അണിയിച്ചൊരുക്കിയത്. തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം മാസ് ആക്ഷന്‍ പൊളിറ്റിക്കല്‍ ത്രില്ലറാണ്. തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയുടെ കഥയില്‍ രാഷ്ട്രീയവും മിക്‌സ് ചെയ്തുള്ള ചിത്രമാകും ഇതെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നുണ്ട്. പ്രതിസന്ധികളെല്ലാം മറികടന്ന് വിജയ്‌യുടെ അവസാന ചിത്രം തിയേറ്ററില്‍ തന്നെ കാണാനാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Reports that Censor Board revising Committee will see Jana Nayagan on next week

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more