ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ബജറ്റിലും പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍വലിലെ സകല താരങ്ങളും അണിനിരക്കുന്ന ചിത്രം കൂടിയാണ് ഡൂംസ്‌ഡേ.
ഇപ്പോഴിതാ ചിത്രത്തില്‍ രണ്ട് സൂപ്പര്‍ഹീറോകള്‍ ഇല്ലെന്നുള്ളതാണ് ഏറ്റവും പുതിയ വിവരം. അവഞ്ചേഴ്‌സിലെ ഏറ്റവും പവര്‍ഫുള്ളായ സൂപ്പര്‍ഹീറോ എന്ന് വിശേഷിപ്പിക്കുന്ന ക്യാപ്റ്റന്‍ മാര്‍വലും അടുത്തിടെ മാര്‍വലിലേക്കെത്തിയ അയണ്‍ ഹാര്‍ട്ടും ഡൂംസ്‌ഡേയുടെ ഭാഗമായേക്കില്ല എന്നാണ് ഏറ്റവും പുതിയ വിവരം. ഹോളിവുഡ് സിനിമാപേജായ കോസ്മിക് ബുക്കാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
എന്നാല്‍ വാര്‍ത്തയുടെ കമന്റ് ബോക്‌സില്‍ ഭൂരിഭാഗവും ഇരു കഥാപാത്രങ്ങളെയും കളിയാക്കിക്കൊണ്ടുള്ള കമന്റുകളാണ്. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു ഇംപാക്ടുമില്ലാത്ത രണ്ടുപേരാണ് ഇവരെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ബ്രീ ലാര്‍സണ്‍ (ക്യാപ്റ്റന്‍ മാര്‍വല്‍) രണ്ട് സിനിമകളില്‍ മാര്‍വലിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഒരു ഇംപാക്ടും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പലരും പറയുന്നത്.
വകാണ്ട ഫോറെവറിലൂടെ പ്രേക്ഷകരിലേക്കെത്തിയ അയണ്‍ ഹാര്‍ട്ട് ആരാധകരുടെ ഇഷ്ടം ഒട്ടും പിടിച്ചുപറ്റിയിട്ടില്ല. ടോണി സ്റ്റാര്‍ക്കിനെ വിമര്‍ശിച്ച ഡയലോഗ് കൂടി വന്നതോടെ ഭൂരിഭാഗം ആരാധകരും ഈ കഥാപാത്രത്തെ കൈവിട്ടു. ഡൂംസ്‌ഡേയില്‍ അയണ്‍ ഹാര്‍ട്ട് ഉണ്ടെങ്കിലാണ് നിരാശയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഡൂംസ്‌ഡേയ്ക്ക് പിന്നാലെയെത്തുന്ന സീക്രട്ട് വാര്‍സില്‍ ക്യാപ്റ്റന്‍ മാര്‍വല്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘ഡൂംസ്‌ഡേയില്‍ ക്യാപ്റ്റന്‍ മാര്‍വല്‍ ഇല്ലാത്തതാണ് ഹൈപ്പ് കൂടാന്‍ കാരണം’, ‘അയണ്‍ ഹാര്‍ട്ടിനെ ഒരു സൂപ്പര്‍ ഹീറോയായി പോലും പരിഗണിച്ചില്ല, ഡൂംസ്‌ഡേയില്‍ ഇല്ലാത്തതില്‍ സന്തോഷം’ എന്നിങ്ങനെയാണ് പലരും കമന്റ് പങ്കുവെച്ചത്.
20th സെഞ്ച്വറി ഫോക്‌സില്‍ നിന്ന് റൈറ്റ്‌സ് സ്വന്തമാക്കിയ മാര്‍വലിലേക്ക് എക്‌സ് മെനും ഫന്റാസ്റ്റിക് ഫോറുമെല്ലാം കടന്നുവന്നിരിക്കുകയാണ്. ഹോളിവുഡിലെ ഏറ്റവും വലിയ താരനിരയാണ് ഡൂംസ്‌ഡേയില്‍ അണിനിരക്കുന്നത്. പുറത്തുവിട്ട കാസ്റ്റ് ലിസ്റ്റിന് പുറമെ പല സര്‍പ്രൈസുകളും മാര്‍വല്‍ ഡൂംസ്‌ഡേയില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2026 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Reports that Captain Marvel and Ironheart won’t be a part of Avengers Doomsday