| Wednesday, 5th November 2025, 6:09 pm

ജയിലര്‍ 2വില്‍ നിന്ന് പിന്മാറി ബാലയ്യ, താരത്തിന് പകരക്കാരനെ തേടി അണിയറപ്രവര്‍ത്തകര്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ആദ്യ ഭാഗത്തെക്കാള്‍ ഗംഭീരമാകുമെന്നാണ് പലരും കരുതുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആദ്യ ഭാഗത്തില്‍ അതിഥിവേഷം ചെയ്ത മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവര്‍ക്കൊപ്പം മറ്റ് ചില താരങ്ങളും അണിനിരക്കുന്നുണ്ട്.

തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയും ജയിലര്‍ 2വില്‍ അതിഥിവേഷത്തിലെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യ ഭാഗത്തില്‍ ബാലകൃഷ്ണയെ കാസ്റ്റ് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് സംവിധായകന്‍ നെല്‍സണ്‍ പ്രൊമോഷനിടെ സംസാരിച്ചതായിരുന്നു ഈ റിപ്പോര്‍ട്ടിന് അടിസ്ഥാനം. എന്നാല്‍ ഇപ്പോഴിതാ ജയിലര്‍ 2വില്‍ നിന്ന് ബാലകൃഷ്ണ പിന്മാറിയെന്നാണ് പുതിയ വിവരം.

കമ്മിറ്റ് ചെയ്ത സിനിമകളുടെ തിരക്ക് കാരണമാണ് ബാലയ്യ ജയിലര്‍ 2വില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് ഇന്ത്യന്‍ സിനിമയിലെ പവര്‍ ഹൗസ് താരങ്ങളെ ഒരുമിച്ച് സ്‌ക്രീനില്‍ കാണാനുള്ള അവസരമാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. ബാലകൃഷ്ണക്ക് പകരം ആരെന്ന കാര്യത്തില്‍ അധികം വൈകാതെ വ്യക്തത വരുമെന്നാണ് കണക്കുകൂട്ടല്‍.

ഗോവയിലാണ് ജയിലര്‍ 2വിന്റെ പുതിയ ഷെഡ്യൂള്‍. ആദ്യ ഭാഗത്തെപ്പോലെ പാന്‍ ഇന്ത്യയൊട്ടാകെ വ്യാപിച്ചു കിടക്കുന്ന കഥയാകും ജയിലര്‍ 2വിന്റേത്. ചെന്നൈ, കോഴിക്കോട്, ഹൈദരബാദ്, ഗോവ, മുംബൈ, അട്ടപ്പാടി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ട് അവസാനിക്കുമെന്നും 2026 മേയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നും കരുതുന്നു.

ആദ്യ ഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ പുതിയ ചില താരങ്ങളും ജയിലര്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. മലയാളി താരങ്ങളാണ് ഇതില്‍ കൂടുതലും. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സുജിത് ശങ്കര്‍, ഷൈന്‍ ടോം ചാക്കോ, അന്ന രാജന്‍, സുനില്‍ സുഖദ, ചെമ്പന്‍ വിനോദ് എന്നിവരാണ് ജയിലര്‍ 2വിലെ മലയാളി സാന്നിധ്യങ്ങള്‍.

ആദ്യ ഭാഗത്തിന് ഒപ്പം നില്‍ക്കുന്ന സ്‌ക്രിപ്റ്റ് ഒരുക്കുകയും അത് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്നാണ് നെല്‍സണ്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എല്ലാം ഒത്തു വരികയാണെങ്കില്‍ തമിഴിലെ ആദ്യത്തെ 1000 കോടി എന്ന നേട്ടം ജയിലര്‍ 2 സ്വന്തമാക്കുമെന്നാണ് പലരും കരുതുന്നത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്.

Content Highlight: Reports that Balakrishna quit from Jailer 2 due to date clash

We use cookies to give you the best possible experience. Learn more