| Monday, 29th December 2025, 8:40 pm

ഇന്തവാട്ടി മിസ്സേ ആകാത്, മമ്മൂട്ടിക്കൊപ്പം കട്ടക്ക് നില്‍ക്കാന്‍ ആസിഫും, ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്നത് പക്കാ ഗ്യാങ്‌സ്റ്റര്‍ പടം

അമര്‍നാഥ് എം.

പരീക്ഷണ സിനിമകള്‍ക്കൊപ്പം സമാന്തരമായി എന്റര്‍ടൈനര്‍ സിനിമകളിലും ശ്രദ്ധ നല്‍കുന്ന മമ്മൂട്ടി 3.0യാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം. കൊവിഡിന് ശേഷം തന്നിലെ നടന് വെല്ലുവിളിയുയര്‍ത്തുന്ന സിനിമകള്‍ ചെയ്ത് ഇന്ത്യന്‍ സിനിമയുടെ ശ്രദ്ധാ കേന്ദ്രമായി അദ്ദേഹം മാറി. അടുത്തിടെ ചെറിയൊരു ബ്രേക്കെടുത്ത ശേഷം മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചുവരികയും ചെയ്തു.

അഭിനയപ്രാധാന്യമുള്ള സിനിമകള്‍ക്കൊപ്പം മാസ് സിനിമകളും ചെയ്യാനാണ് മമ്മൂട്ടി ലക്ഷ്യമിടുന്നത് എന്നാണ് അദ്ദേഹത്തിന്റെ ലൈനപ്പ് സൂചിപ്പിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം പാട്രിയറ്റ് അവസാനഘട്ട ഷൂട്ടിലാണ്. പാട്രിയറ്റിന് ശേഷം അടൂര്‍ ഗോപാലകൃഷ്ണനൊപ്പമുള്ള ചിത്രവും പിന്നീട് ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാകും മമ്മൂട്ടി ചെയ്യുക.

മാര്‍ക്കോ, കാട്ടാളന്‍ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സാണ് മമ്മൂട്ടി- ഖാലിദ് റഹ്‌മാന്‍ പ്രൊജക്ടിന്റെ നിര്‍മാതാക്കള്‍. ഗ്യാങ്സ്റ്റര്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവനടന്മാരില്‍ ശ്രദ്ധേയനായ ആസിഫ് അലി ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇരുവരും ഒന്നിച്ച് മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മാസ് സബ്ജക്ടുകളില്‍ ഈ കോമ്പോ ഒന്നിച്ചിട്ടില്ല. ആരാധകരുടെ ഈ പരാതി ഇത്തവണ തീര്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഹാര്‍ബര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് ആക്ഷന്‍ ചിത്രമാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്യാമറക്ക് പിന്നിലും ഗംഭീര ക്രൂവാണ് അണിനിരക്കുന്നത്.

മമ്മൂട്ടി- ആസിഫ് അലി Photo: Instagram/ Asif Ali

ഈ വര്‍ഷത്തെ ഏറ്റവും വലിയ മാസ് ചിത്രമെന്ന് പ്രശംസ നേടിയ ഡാക്കു മഹാരാജിനായി ക്യാമറ ചലിപ്പിച്ച വിജയ് കാര്‍ത്തിക് കണ്ണനാകും ഈ ചിത്രത്തിന്റെ ഛായാഗ്രഹകനെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി എന്ന താരത്തിന്റെ മാസ് ഓറ പരമാവധി ഒപ്പിയെടുക്കാന്‍ വിജയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. നിലവില്‍ ജയിലര്‍ 2വിന്റെ തിരക്കിലാണ് വിജയ് കാര്‍ത്തിക്.

നിര്‍മാതാക്കള്‍ ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സായതിനാല്‍ ഈ പ്രൊജക്ടിന്റെ സംഗീത സംവിധായകന്‍ കേരളത്തിന് പുറത്തുനിന്നാകാനാണ് സാധ്യതയെന്നും കണക്കുകൂട്ടുന്നത്. തെലുങ്കില്‍ ഒരുപാട് ഹിറ്റുകളൊരുക്കിയ എസ്. തമനാകും ഈ പ്രൊജക്ടിനായി സംഗീതമൊരുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ഈ പ്രൊജക്ടിന്റെ ഷൂട്ട് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: Reports that Asif Ali might be a part of Mammootty Khalid Rahman project

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more