| Wednesday, 29th October 2025, 3:22 pm

16 വര്‍ഷങ്ങള്‍ക്ക് ശേഷം അരുന്ധതി ഹിന്ദിയിലേക്ക്, അനുഷ്‌കക്ക് പകരം ശ്രീലീല?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുരുഷ താരങ്ങള്‍ മാത്രം മുന്‍നിര അലങ്കരിച്ചുകൊണ്ടിരുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ അവര്‍ക്കിടയിലേക്ക് തന്റെ കസേര വലിച്ചിട്ട് ലേഡി സൂപ്പര്‍സ്റ്റാറായ താരമാണ് അനുഷ്‌ക. 2009ല്‍ പുറത്തിറങ്ങിയ അരുന്ധതിയിലൂടെയാണ് അനുഷ്‌കയുടെ സ്റ്റാര്‍ഡം സിനിമാലോകം തിരിച്ചറിഞ്ഞത്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ അരുന്ധതി 16 വര്‍ഷങ്ങള്‍ക്കിപ്പുറം ഹിന്ദിയില്‍ റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍.

തമിഴിലെ മികച്ച സംവിധായകരിലൊരാളായ മോഹന്‍ രാജയാണ് അരുന്ധതിയെ ഹിന്ദി പറയിപ്പിക്കുന്നത്. റീമേക്ക് സിനിമകള്‍ മാത്രം ചെയ്യുന്ന സംവിധായകന്‍ എന്ന വിളിപ്പേര് ലഭിച്ചയാളാണ് മോഹന്‍രാജ. എന്നാല്‍ തനി ഒരുവനിലൂടെ തന്നെ വിമര്‍ശിച്ചവര്‍ക്ക് മോഹന്‍രാജ മറുപടി നല്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും റീമേക്കിന്റെ പാതയിലേക്ക് മോഹന്‍രാജ പോവുകയാണെന്നാണ് വിവരം.

തെലുങ്കില്‍ നിലവിലെ സെന്‍സേഷന്‍ നായികയായ ശ്രീലീലയാകും ഹിന്ദി റീമേക്കിലെ നായികയെന്നാണ് റിപ്പോര്‍ട്ട്. ബാലതാരമായി സിനിമാലോകത്തേക്കെത്തിയ ശ്രീലീല രവി തേജ നായകനായ ധമാക്കയിലൂടെയാണ് ശ്രദ്ധേയയായത്. പിന്നീട് ഒന്നിന് പുറകൈ ഒന്നായി തെലുങ്കിലെ നിറസാന്നിധ്യമായി ശ്രീലീല മാറി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയിലൂടെ തമിഴിലും താരം തന്റെ സാന്നിധ്യമറിയിച്ചു.

എന്നാല്‍ അനുഷ്‌ക ഗംഭീരമാക്കിയ അരുന്ധതി ശ്രീലീലക്ക് അതേ റെഞ്ചില്‍ ചെയ്യാനാകുമോ എന്നാണ് പലരും ചോദിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ തനിക്ക് വഴങ്ങുമെന്ന് ഭഗവന്ത് കേസരിയിലൂടെ താരം തെളിയിച്ചിട്ടുണ്ടെങ്കിലും അരുന്ധതി എന്ന ഐക്കോണിക് വേഷം പുനസൃഷ്ടിക്കുക എന്നത് വെല്ലുവിളിയാണ്. ബോളിവുഡിലേക്കുള്ള അരങ്ങേറ്റം താരം ഗംഭീരമാക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റീമേക്ക് സിനിമകള്‍ക്ക് പഴയതുപോലെ സ്വീകാര്യതയില്ലാത്ത ബോളിവുഡില്‍ അരുന്ധതിയുടെ റീമേക്കിന് എത്രമാത്രം പിടിച്ചിനില്ക്കാനാകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ബോളിവുഡ് പ്രേക്ഷകര്‍ക്ക് സ്വീകാര്യമാകുന്ന രീതിയിലും ഒറിജിനലിനോട് നീതി പുലര്‍ത്തിയും റീമേക്ക് ഒരുക്കുക എന്നതാണ് മോഹന്‍രാജക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

അനുഷ്‌കയെ കേന്ദ്ര കഥാപാത്രമാക്കി കോടി രാമകൃഷ്ണ സംവിധാനം ചെയ്ത പീരിയോഡിക് ആക്ഷന്‍ ചിത്രം അതിഗംഭീര വിജയമാണ് സ്വന്തമാക്കിയത്. അനുഷ്‌കക്ക് പുറമെ സോനു സൂദ്, മനോരമ, സായാജി ഷിന്‍ഡെ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 84 കോടിയാണ് നേടിയത്. കല്യാണി പ്രിയദര്‍ശന്റെ ലോകഃ റിലീസാകുന്നത് വരെ സൗത്ത് ഇന്ത്യയില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സ്ത്രീ കേന്ദ്രീകൃത സിനിമയെന്ന നേട്ടം അരുന്ധതിയുടെ കൈയിലായിരുന്നു.

Content Highlight: Reports that Arundhati movie remake in Bollywood Sreeleela in lead

We use cookies to give you the best possible experience. Learn more