| Monday, 29th September 2025, 9:01 pm

ഡോണിന്റെ മൂന്നാം വരവില്‍ വില്ലന്‍ സൗത്ത് ഇന്ത്യയില്‍ നിന്ന്? രണ്‍വീര്‍ സിങ്ങിനെ മുട്ടുകുത്തിക്കുമോ തമിഴ് താരം?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് സിനിമാപ്രേമികളുടെ ഇഷ്ട ഫ്രാഞ്ചൈസാണ് ഡോണ്‍. 1978ല്‍ അമിതാഭ് ബച്ചനും 2006ല്‍ ഷാരൂഖ് ഖാനും കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ഡോണ്‍. 2011ല്‍ പുറത്തിറങ്ങിയ ഡോണ്‍ 2വും ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നു. അടുത്തിടെ ഡോണിന് മൂന്നാം ഭാഗം ഒരുങ്ങുകയാണെന്ന് സംവിധായകന്‍ ഫര്‍ഹാന്‍ അക്തര്‍ അറിയിച്ചത് ആരാധകര്‍ ആഘോഷമാക്കി മാറ്റി.

എന്നാല്‍ മൂന്നാം ഭാഗത്തില്‍ ഷാരൂഖ് ഖാനല്ല നായകനെന്ന വാര്‍ത്ത സിനിമാപ്രേമികളെ ചെറുതായി നിരാശപ്പെടുത്തി. ബോളിവുഡിലെ മികച്ച നടന്മാരിലൊരാളായ രണ്‍വീര്‍ സിങ്ങാണ് മൂന്നാം ഭാഗത്തിലെ നായകന്‍. 2026 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അവിസ്മരണീയമാക്കിയ വേഷം രണ്‍വീര്‍ എങ്ങനെ അവതരിപ്പിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

ഇപ്പോഴിതാ ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിലേക്ക് തമിഴ് താരം അര്‍ജുന്‍ ദാസ് എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അര്‍ജുന്‍ ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസിയുടെ ഭാഗമാകുമോ എന്ന കാര്യത്തില്‍ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വരുംദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ലെന്ന് അടുത്തിടെ അറിയിച്ച അര്‍ജുന്‍ ദാസ് ബോളിവുഡിലെ ഈ സുവര്‍ണാവസരം ഉപയോഗിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. ആക്ഷന്‍, ഫീല്‍ ഗുഡ് റൊമാന്റിക് റോളുകള്‍ തനിക്ക് ഇണങ്ങുമെന്ന് തെളിയിക്കുകയാണ് നിലവില്‍ അര്‍ജുന്‍ ദാസ്. തെലുങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഓ.ജിയിലും അര്‍ജുന്‍ ദാസ് ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു.

അതേസമയം കഴിഞ്ഞ കുറച്ച് കാലങ്ങളായി വലിയ ഹിറ്റുകളൊന്നുമില്ലാതിരിക്കുന്ന ബോളിവുഡിന്റെ പിടിവള്ളികളിലൊന്നാണ് ഡോണ്‍ 3. ആദ്യ രണ്ട് ഭാഗങ്ങളുടെയും നിര്‍മാതാക്കളായ എക്‌സെല്‍ എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. 250 കോടി ബജറ്റാണ് ചിത്രത്തിന്റേതായി അനുമാനിക്കുന്നത്. രണ്‍വീര്‍ സിങ്ങിന്റെ ഇതുവരെ കാണാത്ത സ്‌റ്റൈലിഷ് മാസ് ലുക്കാണ് ഡോണ്‍ 3ക്കായി ഒരുക്കുന്നത്.

കിയാര അദ്വാനിയും പ്രിയങ്ക ചോപ്രയുമാണ് ചിത്രത്തിലെ നായികമാര്‍. 2026 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. മൂന്നാം ഭാഗം ചെയ്യാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഡോണ്‍ 3യില്‍ ഷാരൂഖ് അതിഥിവേഷത്തിലെത്തിയേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഡോണ്‍ വിജയ്‌യുടെ മൂന്നാം വരവ് ഗ്രാന്‍ഡാകുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Reports that Arjun Das might play the villain role in Ranveer Singh’s Don 3

We use cookies to give you the best possible experience. Learn more