| Sunday, 8th March 2026, 9:55 pm

റഹ്‌മാനും മേലെയാകുമോ അനിരുദ്ധ്? ലോകേഷ്- അല്ലു അര്‍ജുന്‍ ചിത്രത്തില്‍ വാങ്ങുന്നത് റെക്കോഡ് പ്രതിഫലം

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമാലോകത്ത് നിലവില്‍ മുന്‍നിരയില്‍ തിളങ്ങിനില്‍ക്കുന്ന സംഗീത സംവിധായകരാണ് എ.ആര്‍. റഹ്‌മാനും അനിരുദ്ധും. ഇരുവരില്‍ ആരാണ് മികച്ചതെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ പലപ്പോഴും ഉയരാറുണ്ട്. 35 വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന റഹ്‌മാനും തൊട്ടതെല്ലാം ചാര്‍ട്ട്ബസ്റ്ററാക്കുന്ന അനിരുദ്ധും ഓരോ സിനിമയിലും ഞെട്ടിക്കുകയാണ്.

ഇപ്പോഴിതാ എ.ആര്‍. റഹ്‌മാനെ മറികടന്ന് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് അനിരുദ്ധ്. അല്ലു അര്‍ജുനും ലോകേഷും ഒന്നിക്കുന്ന ചിത്രത്തില്‍ റെക്കോഡ് പ്രതിഫലമാണ് അനിരുദ്ധ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 25 കോടിയാണ് ഈ പ്രൊജക്ടിനായി അനിരുദ്ധ് വാങ്ങുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ ഹൈയെസ്റ്റ് പെയ്ഡ് മ്യൂസിക് ഡയറക്ടറായി അനിരുദ്ധ് മാറുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

AA 23 എന്ന് താത്കാലികമായി ടൈറ്റില്‍ നല്‍കിയിരിക്കുന്ന പ്രൊജക്ടില്‍ അനിരുദ്ധ് തന്റെ സ്ഥിരം ട്രാക്ക് മാറ്റിപ്പിടിക്കുമെന്നാണ് കരുതുന്നത്. ഹിറ്റുകളുടെയും അവാര്‍ഡുകളുടെയും കാര്യത്തില്‍ റഹ്‌മാനെ മറികടക്കാനായില്ലെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ അനിരുദ്ധ് ഒന്നാമതെത്തുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കൂലിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് AA 23. കൈതി 2 വൈകുന്നതിനാല്‍ ലോകേഷ് ഈ പ്രൊജക്ടിലേക്ക് കടക്കുകയായിരുന്നു. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ അനിരുദ്ധ് ഒരുക്കിയ ബി.ജി.എം ആദ്യകേള്‍വിയില്‍ തന്നെ പലരുടെയും ഫേവറെറ്റായി. ’23 തീം’ എന്ന് പേരിട്ട ബി.ജി.എം ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണിലധികം റീലുകള്‍ സൃഷ്ടിച്ചു.

അതേസമംയ ഓരോ പാട്ടുകള്‍ കൊണ്ടും അനിരുദ്ധും എ.ആര്‍. റഹ്‌മാനും ആരാധകരെ ഞെട്ടിക്കുകയാണ്. നാനി നായകനാകുന്ന പാരഡൈസിനായി അനിരുദ്ധ് ഒരുക്കിയ ‘ആയാ ഷേര്‍’ എന്ന ഗാനം വളരെ വേഗത്തില്‍ ചാര്‍ട്ട്ബസ്റ്ററായി മാറി. റാം ചരണ്‍ നായകനായ പെദ്ദിക്ക് വേണ്ടി എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ ‘റായ് റായ് റാ’ എന്ന ഗാനവും സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചു.

ചെയ്ത എല്ലാ പാട്ടുകളും ചാര്‍ട്ട്ബസ്റ്ററാക്കുന്ന അനിരുദ്ധും അരങ്ങേറിയ കാലം മുതല്‍ ഇന്നുവരെ തന്റെ ക്വാളിറ്റിയില്‍ ഒട്ടും മാറ്റം വരുത്താത്ത റഹ്‌മാനും ഇനിയും ഇന്‍ഡസ്ട്രിയെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. രണ്ടുപേരും തമ്മിലുള്ള താരതമ്യം അനാവശ്യമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. റോക്ക്‌സ്റ്റാറും ഇസൈപ്പുയലും ഇനിയും പ്രേക്ഷകരെ വിസ്മയിപ്പിക്കട്ടെയെന്നാണ് പലരും ആഗ്രഹിക്കുന്നത്.

Content Highlight: Reports that Anirudh charging record remuneration for Allu Arjun- Lokesh project

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more