മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു ഒപ്പം. 2016ല്‍ ഓണം റിലീസായെത്തിയ ചിത്രം 70 കോടിയോളം സ്വന്തമാക്കിയിരുന്നു. അന്ധനായ ശിവരാമനും അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമായിരുന്നു ചിത്രത്തിന്റെ കഥ. ഇന്നും ചിത്രത്തിന് ആരാധകരുണ്ട്.
ഒപ്പം ഹിന്ദിയില്‍ റീമേക്ക് ചെയ്യുമെന്ന് 2016ല്‍ തന്നെ പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഹിന്ദി റീമേക്കിലേക്ക് സംവിധായകന്‍ കടക്കുന്നത്. ബോളിവുഡിലെ മുന്‍നിര താരങ്ങളായ സെയ്ഫ് അലി ഖാനും അക്ഷയ് കുമാറുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഹയ്‌വാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ആരാധകരെ മൊത്തം ഞെട്ടിച്ച ട്വിസ്റ്റാണ് ഹിന്ദി റീമേക്കില്‍ പ്രിയദര്‍ശന്‍ ഒരുക്കിയത്. അക്ഷയ് കുമാര്‍ നായകനും സെയ്ഫ് അലി ഖാന്‍ വില്ലനായും വേഷമിടുമെന്നുമായിരുന്നു കരുതിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് അക്ഷയ് കുമാറാകും ഹയ്‌വാനില്‍ വില്ലനായി വേഷമിടുക.
കാഴ്ചശക്തിയില്ലാത്ത കെയര്‍ടേക്കറുടെ കഥാപാത്രം സെയ്ഫ് അലി ഖാനും കുടുംബമില്ലാതാക്കിയതില്‍ പ്രതികാരത്തിനിറങ്ങുന്ന കുറ്റവാളിയായി അക്ഷയ് കുമാറും ചിത്രത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.0ക്ക് ശേഷം അക്ഷയ് കുമാര്‍ ചെയ്യുന്ന വില്ലന്‍ വേഷമാകും ഇത്. താരത്തിന് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശനൊപ്പം ചേരുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്.
ഓഗസ്റ്റ് 23നാകും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുക. കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിക്കുക. പിന്നീട് മൗണ്ട് അബു, വാഗമണ്‍ എന്നിവിടങ്ങളില്‍ പുരോഗമിക്കുകയും മുംബൈയില്‍ അവസാനിക്കുകയും ചെയ്യുന്ന തരത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആദ്യ ഷെഡ്യൂളുകളില്‍ അക്ഷയ് കുമാര്‍ ഉണ്ടായേക്കില്ല.
കഥാപാത്രത്തിനായി കളരിപ്പയറ്റും മറ്റും പരിശീലിക്കുന്നതിന്റെ തിരക്കിലാണ് സെയ്ഫ് അലി ഖാന്‍. മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ ശിവരാമന്‍ എന്ന കഥാപാത്രം സെയ്ഫിന് പകര്‍ന്നാടാന്‍ കഴിയുമോ എന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. 2026 പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
Content Highlight: Reports that Akshay Kumar playing villain role in Oppam movie Hindi remake