മലയാളത്തിനും മുമ്പ് തെലുങ്കില്‍ കരിയറിലെ ആദ്യത്തെ 100 കോടി നേടിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. കേരളത്തിന് പുറത്ത് താരം സ്വന്തമാക്കിയ ഫാന്‍ബേസും ക്രേസും പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷമായി മലയാളത്തില്‍ സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും അന്യഭാഷയില്‍ ദുല്‍ഖര്‍ സജീവമാണ്.
തെലുങ്ക് തന്റെ ഭാഗ്യതട്ടകമാണെന്ന് ദുല്‍ഖര്‍ പലപ്പോഴായി തെളിയിച്ചിട്ടുള്ളതാണ്. താരത്തിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം ആകാസം ലോ ഒക്ക താരയുടെ പുതിയ റിപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് ഒ.ടി.ടി ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ആകാസം ലോ ഒക്ക താര Photo: Geetha Arts/ X.com
34 കോടിക്കാണ് നെറ്റ്ഫ്‌ളിക്‌സ് ആകാസം ലോ ഒക്ക താരയെ സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ഏഴ് കോടിക്ക് വിറ്റുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവുമുയര്‍ന്ന ഒ.ടി.ടി റൈറ്റ്‌സാണിതെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു. അന്യഭാഷയില്‍ ദുല്‍ഖറിന്റെ സ്റ്റാര്‍ഡം എത്രമാത്രം വലുതാണെന്ന് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇനിയും ഷൂട്ട് പൂര്‍ത്തിയാകാത്ത ചിത്രത്തെയാണ് ഇത്രയും വലിയ തുകക്ക് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്. 20 ദിവസത്തോളം ഷൂട്ട് ഇനിയും ബാക്കിയാണ്. അവസാനഘട്ട ഷൂട്ട് ഇന്ന് രാജമുന്ധ്രിയില്‍ ആരംഭിക്കും. ഈ വര്‍ഷം മേയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ദുല്‍ഖറിലെ അഭിനേതാവിനെ വലിയ വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമാകും ആകാസം ലോ ഒക്ക താരയിലേതെന്നാണ് ആരാധകര്‍ കരുതുന്നത്.
ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ നല്‍കുന്നവയായിരുന്നു. നവാഗതനായ പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം സാത്വിക വീരവള്ളിയാണ് നായിക. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ആര്‍ട്‌സാണ് ആകാസം ലോ ഒക്ക താരയുടെ നിര്‍മാണം.
രണ്ട് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് ദുല്‍ഖര്‍ തിരിച്ചെത്തുന്ന ഐ ആം ഗെയിമും അവസാനഘട്ട ഷൂട്ടിലാണ്. ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. നടനായും താരമായും ദുല്‍ഖര്‍ കളംനിറയാന്‍ പോകുന്ന വര്‍ഷമാകും 2026 എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
Content Highlight: Reports that Akasam Lo Oka Tara OTT rights sold to Netflix for record price