ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളാണ് അജയ് ദേവ്ഗണ്‍. ആക്ഷന്‍ സിനിമകളുടെ അവസാന വാക്കായ അജയ് ദേവ്ഗണ്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ കരിയറില്‍ അവസാനത്തെ രണ്ട് വര്‍ഷത്തിനിടെ ചെയ്ത സിനിമകള്‍ പലതും റീമേക്കാണ്. മലയാളത്തിന്റെ ബ്രാന്‍ഡ് ഫ്രാഞ്ചൈസിയായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ റൈറ്റസ് വലിയ തുകക്ക് സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ താരം വീണ്ടുമൊരു മലയാള ചിത്രത്തിന്റെ റീമേക്ക് റൈറ്റസ് സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഈ വര്‍ഷത്തെ ഗംഭീര വിജയങ്ങളിലൊന്നായ തുടരും സിനിമയുടെ റീമേക്ക് അവകാശം അജയ് ദേവ്ഗണിന്റെ മാനേജര്‍ കുമാര്‍ പഥക് ഉടമയായിട്ടുള്ള പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അജയ് ദേവ്ഗണ്‍ ചെയ്യുന്ന അഞ്ചാമത്തെ റീമേക്കാണ് തുടരും. കാര്‍ത്തിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കൈതി ഭോലാ എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്‌തെങ്കിലും വിജയിച്ചില്ല. ഒ.ടി.ടിയിലൂടെ പാന്‍ ഇന്ത്യന്‍ സെന്‍സേഷനായ ദൃശ്യം 2വും അജയ് ദേവ്ഗണ്‍ തന്നെയാണ് ഹിന്ദിയില്‍ ചെയ്തത്.
ഗുജറാത്തി ചിത്രം വശ് ഹിന്ദിയില്‍ ശൈത്താന്‍ എന്ന പേരില്‍ ഒരുക്കിയതും അജയ് ദേവ്ഗണ്‍ തന്നെയാണ്. ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3 മലയാളം വേര്‍ഷന്‍ തിയേറ്ററുകളിലെത്തായാല്‍ തൊട്ടടുത്ത ദിവസം ഹിന്ദിയിലേക്ക് ഒരുക്കാന്‍ തയാറായിരിക്കുകയാണ് താരം. ഇപ്പോഴിതാ തുടരുമിന്റെ റൈറ്റ്‌സും അജയ് ദേവ്ഗണ്‍ സ്വന്തമാക്കിയതോടെ അഞ്ചാമത്തെ റീമേക്കും താരത്തിന്റെ ലൈനപ്പില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ തുടരുമിന്റെ റീമേക്കിനെക്കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംസാരിച്ചിരുന്നു. പല നടന്മാരുമുണ്ടെങ്കിലും അജയ് ദേവ്ഗണ്‍ ചെയ്യുന്നതാണ് തനിക്ക് ഇഷ്ടമെന്ന് തരുണ്‍ അഭിപ്രായപ്പെട്ടു. സ്റ്റണ്ട് മാന്‍ കഥാപാത്രമായി അജയ് ദേവ്ഗണിന് ഗംഭീര പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് തരുണ്‍ പറഞ്ഞത്.
അതേസമയം ദൃശ്യം 3 മലയാളം വേര്‍ഷനൊപ്പം ഹിന്ദി വേര്‍ഷനും തിയേറ്ററുകളിലെത്തിക്കാന്‍ ഹിന്ദി നിര്‍മാതാക്കള്‍ ശ്രമിച്ചെങ്കിലും സംവിധായകന്‍ ജീത്തു ജോസഫ് അതിന് സമ്മതിച്ചിരുന്നില്ല. ഇപ്പോഴും അജയ് ദേവ്ഗണിന്റെ വേര്‍ഷനാണ് ഒറിജിനലെന്ന് ഹിന്ദിയിലെ ചില സിനിമാപേജുകള്‍ ധരിച്ചുവെച്ചിട്ടുണ്ട്. ഒടുവില്‍ 350 കോടിക്ക് ദൃശ്യം 3യുടെ ഒ.ടി.ടി, ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയാണ് ഹിന്ദി വേര്‍ഷനെ സേഫാക്കിയത്.
Content Highlight: Reports that Ajay Devgn acquires the remake rights of Thudarum