| Tuesday, 22nd July 2025, 2:57 pm

തിയേറ്ററുകള്‍ ഇളക്കിമറിക്കാന്‍ അടുത്ത റീ റിലീസ്, ഫോര്‍ ദി പീപ്പിള്‍ ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രിയിലെ മികച്ച സിനിമകള്‍ ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആരംഭിച്ച റീ റിലീസ് അടുത്തിടെ മലയാളത്തിലും തുടങ്ങിയിരുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റെസല്യൂഷനിലെത്തുന്ന സിനിമകള്‍ മലയാളികള്‍ സ്വീകരിച്ചു. മോഹന്‍ലാലിന്റെ ഐക്കോണിക് ഹിറ്റായ സ്ഫടികമായിരുന്നു ആദ്യമായി 4K റീ റിലീസ് ചെയ്ത മലയാളചിത്രം.

പിന്നീട് മോഹന്‍ലാലിന്റെ തന്നെ ദേവദൂതനുംമണിച്ചിത്രത്താഴും ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനിലെത്തുകയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെ വല്യേട്ടന്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ സിനിമകള്‍ റീ റിലീസിനെത്തിയെങ്കിലും മറ്റ് സിനിമകളുടെ അത്ര സ്വീകാര്യത ലഭിച്ചില്ല. ഏറ്റവുമൊടുവില്‍ റീ റിലീസ് ചെയ്ത മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി.

ഇപ്പോഴിതാ മറ്റൊരു ചിത്രം റീ റിലീസിനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാനചര്‍ച്ച. ഇന്റര്‍നെറ്റ് വ്യാപകമാകുന്നതിന് മുമ്പ് കേരളക്കര ഇളക്കിമറിച്ച ഫോര്‍ ദി പീപ്പിളാണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. 4K അറ്റ്‌മോസ് ഫോര്‍മാറ്റില്‍ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ഓണത്തിന് ശേഷം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ജയരാജ് സംവിധാനം ചെയ്ത് 2004ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഫോര്‍ ദി പീപ്പിള്‍. അഴിമതിക്കെതിരെ പോരാടാനിറങ്ങുന്ന നാല് യുവാക്കളുടെ കഥ പറഞ്ഞ ചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും വേറിട്ടു നിന്നു. ഇന്നും സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിലെ രംഗങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്.

അരുണ്‍ ചെറുകാവില്‍, ഭരത്, അര്‍ജുന്‍ ബോസ്, പദ്മകുമാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം നരേനും ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഗോപിക, പ്രണതി എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍. 40 ലക്ഷത്തിനൊരുക്കിയ ചിത്രം മൂന്ന് കോടിയോളം കളക്ഷന്‍ നേടിയിരുന്നു. നാല്‍വര്‍ സംഘത്തെ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

ജാസി ഗിഫ്റ്റ് ഒരുക്കിയ ഗാനങ്ങള്‍ കേരളക്കര ഭരിച്ചിരുന്നു. യൂട്യൂബില്ലാത്ത കാലത്ത് കോളേജ് പരിപാടികളിലും മറ്റും ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങള്‍ സ്ഥിരസാന്നിധ്യമായിരുന്നു. ‘ലജ്ജാവതിയേ’, ‘അന്നക്കിളി’, ‘നിന്റെ മിഴിമുന’ എന്നാ ഗാനങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. ഛോട്ടാ മുംബൈക്ക് ശേഷം തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ ഫോര്‍ ദി പീപ്പിളിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Reports that 4 The People movie going to re release

We use cookies to give you the best possible experience. Learn more