| Monday, 15th September 2025, 10:43 pm

ഒന്നല്ല, രണ്ടല്ല, അറ്റ്‌ലീ - അല്ലു അര്‍ജുന്‍ ചിത്രത്തിന് തിരക്കഥയൊരുക്കാന്‍ 15 പേര്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സ്വന്തമാക്കി നില്‍ക്കുന്ന നടനും സംവിധായകനുമാണ് അല്ലു അര്‍ജുനും അറ്റ്‌ലീയും. പാന്‍ ഇന്ത്യന്‍ സെന്‍സേഷനായ പുഷ്പയിലൂടെ കരിയറിലെ ആദ്യത്തെ ഇന്‍ഡസ്ട്രി ഹിറ്റ് അല്ലു അര്‍ജുന്‍ സ്വന്തമാക്കിയപ്പോള്‍ ബോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിലൂടെ ഇന്‍ഡസ്ട്രി ഹിറ്റ് നേടാന്‍ ജവാനിലൂടെ അറ്റ്‌ലീക്കും സാധിച്ചു.

ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചു. ഇത്തവണ പാന്‍ ഇന്ത്യനല്ല, പാന്‍ വേള്‍ഡാണ് ലക്ഷ്യമെന്ന് ഉറപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ്. അറ്റ്‌ലീയുടെ ആറാമത്തെയും അല്ലു അര്‍ജുന്റെ 22ാമത്തെയും ചിത്രമാണിത്. AA22 x A6 എന്നാണ് ചിത്രത്തിന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന താത്കാലിക ടൈറ്റില്‍.

ഇപ്പോഴിതാ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ 15 പേരെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയിലെ 15 പേരെയാണ് ഇതിനായി അറ്റ്‌ലീ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഇത്രയും പേര്‍ ഒരു സ്‌ക്രിപ്റ്റിനായി വര്‍ക്ക് ചെയ്യുന്നത് ഇത് ആദ്യമായാണ്.

ഹോളിവുഡിലെ വമ്പന്മാരായ മാര്‍വല്‍, സോണി പിക്‌ചേഴ്‌സ് എന്നിവര്‍ അവരുടെ ഭൂരിഭാഗം ചിത്രങ്ങളിലും 15 മുതല്‍ 20 പേരെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാനായി സമീപിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഒരു ഇന്ത്യന്‍ സിനിമയില്‍ ഇങ്ങനെയൊന്ന് ഇത് ആദ്യമായാണ്. ഇന്ത്യന്‍ സിനിമയിലെ ബ്രഹ്‌മാണ്ഡ സംവിധായകന്‍ ഷങ്കര്‍ തന്റെ അവസാനത്തെ രണ്ട് സിനിമകളിലും ഒന്നിലധികം ആളുകളെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാനായി എല്പിച്ചിരുന്നു.

നിലവില്‍ മുംബൈയില്‍ AA 22 x A6ന്റെ ടെസ്റ്റ് ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രാഫിക്‌സ്, പ്രോസ്‌തെറ്റിക് മേക്കപ്പ് എന്നിവയെല്ലാം ഒരുപാടുള്ള പ്രൊജക്ടാണ് അറ്റ്‌ലീ ലക്ഷ്യമിടുന്നത്. അവതാര്‍, ടെര്‍മിനേറ്റര്‍, അവഞ്ചേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ടെക്‌നീഷ്യന്മാരാണ് ഈ പ്രൊജക്ടിനായി വര്‍ക്ക് ചെയ്യുന്നത്. 650 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.

നാല് വേഷത്തിലാണ് അല്ലു ഈ ചിത്രത്തില്‍ വേഷമിടുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുകോണാണ് ചിത്രത്തിലെ പ്രധാന നായിക. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യ ശ്രീ ബോസ് എന്നിവരും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2027ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Content Highlight: Reports that 15 script writers working for Atlee Allu Arjun movie

We use cookies to give you the best possible experience. Learn more